ഭുവനേശ്വര്‍: കായിക താരം ദ്യുതി ചന്ദിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.
അപമാനകരവും അപകീര്‍ത്തികരവുമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഭുവനേശ്വറിലെ മഹിള പൊലീസാണ് എഡിറ്ററെ അറസ്റ്റ് ചെയ്തത്.
ടോകിയോ ഒളിം പിക്‌സിന് മുമ്പ് തനിക്കെതിരെ ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് സിറ്റി ആസ്ഥാനമായുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു സാമൂഹിക പ്രവര്‍ത്തകനുമെതിരെ ദ്യുതി പരാതി നല്‍കിയിരുന്നു. ഇത് തന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ധ്യുതി പറഞ്ഞു.
താന്‍ ടോകിയോയില്‍ ആയിരുന്നപ്പോള്‍ തന്റെ കുടുംബാംഗങ്ങളെ പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ അഭിമുഖം ചെയ്യുകയും ധാരാളം സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തുവെന്ന് ദ്യുതി ആരോപിക്കുന്നു.
ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍ സുധാന്‍സു റൗട്ട് തന്റെ പ്രതിച്ഛായ മോശമാക്കുന്നതിനും മാതാപിതാക്കളോടുള്ള പെരുമാറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവരം ഉപയോഗിച്ചുവെന്ന് പാരതിയില്‍ ദ്യുതി ആരോപിച്ചു.
തന്റെ കുടുംബവുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാന്‍ റൗട്ട് തന്നോട് പണം ആവശ്യപ്പെട്ടതായും ദ്യുതി പരാതിയില്‍ പറയുന്നു. പോര്‍ട്ടലിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ് ഇവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.