ഒക്ടോബര്‍ ഏഴിലെ ആക്രമണം; ഹമാസ് തലവന്മാര്‍ക്കെതിരെ കുറ്റം ചുമത്തി അമേരിക്ക
World News
ഒക്ടോബര്‍ ഏഴിലെ ആക്രമണം; ഹമാസ് തലവന്മാര്‍ക്കെതിരെ കുറ്റം ചുമത്തി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 1:58 pm

ന്യൂയോര്‍ക്ക്: ഹമാസ് നേതാവ് യഹ്യ സിന്‍വാറിനും ഫലസ്തീനിലെ അഞ്ച് നേതാക്കള്‍ക്കെതിരെയും കുറ്റം ചുമത്തിയതായി യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസാണ് കുറ്റക്കാര്‍ എന്നാണ് അമേരിക്കയുടെ വാദം.

ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഫെഡറല്‍ കോടതി ഹമാസ് നേതാക്കള്‍ക്കെതിരെ എടുത്ത നടപടിയുടെ രേഖകള്‍ പുറത്തുവിട്ടതോടെയാണ് ഈ നീക്കം. ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍, ടെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ട നേതാവ് ഇസ്മയില്‍ ഹനിയ, ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ദെയ്ഫ്, മാര്‍ച്ചിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാര്‍വാന്‍ ഇസ്സ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

‘ഇസ്രഈലിനെ നശിപ്പിക്കാനും ഇസ്രഈല്‍ പൗരന്മാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ ആറുപേരാണ്. ആയുധങ്ങള്‍, രാഷ്ട്രീയ പിന്തുണ, ഇറാന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ധനസഹായം എന്നിവയെല്ലാം ഇവര്‍ ഇസ്രഈലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്,’ യു.എസ് ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പറഞ്ഞു.

ഫെബ്രുവരിയില്‍ യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നെന്നും എന്നാല്‍ തലവന്‍ ഹനിയയെ പിടികൂടാനുള്ള ആലോചന ഉണ്ടായിരുന്നുവെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന് ഇറാന്റെയും ലെബനന്റെയും സാമ്പത്തിക സഹായവും ആയുധകൈമാറ്റവും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യു.എസ് നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറ്റവാളികള്‍ ആറുപേര്‍ മരിച്ചവരോ ഒളിവില്‍ കഴിയുന്നവരോ ആണെന്ന് പറയുന്നുണ്ട്.

യു.എസിന്റെ കണക്ക് പ്രകാരം ഒക്ടോബര്‍ ഏഴിന് 40ല്‍ അധികം അമേരിക്കക്കാര്‍ ഉള്‍പ്പെടെ 1200 ഓളം പേരെ കൊലപ്പെടുത്തിയതും നൂറുകണക്കിന് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതും കുറ്റം ആരോപിക്കപ്പെട്ട ആറുപേരുടെ നേതൃത്വത്തിലാണെന്നും ഈ ആഴ്ചയില്‍ തന്നെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ആറ് പേരെ കൂടി ഹമാസ് കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാനായി ഈജിപ്തുമായും ഖത്തറുമായും കൂടിച്ചേര്‍ന്ന് പുതിയ വെടിനിര്‍ത്തല്‍ കരാറും ക്യാപ്റ്റീവ് പ്രൊപ്പോസലും കൊണ്ടുവരുന്നതായി വൈറ്റ് ഹൗസ് പറഞ്ഞിരുന്നതായും അതിനിടയിലാണ് യു.എസിന്റെ നടപടിയെന്നും അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസിന്റെ നേതാക്കള്‍ക്കെതിരെയുള്ള ഈ നടപടികള്‍ ഇപ്പോള്‍ നടക്കുന്ന വെടിനിര്‍ത്തല്‍ കരാറിലെ മധ്യസ്ഥ നിലയിലുള്ള തങ്ങളുടെ പങ്കിനെ ബാധിക്കുമെന്ന് ബെയ്‌റൂട്ട് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ റാമി ഖൗറി അല്‍ ജസീറക്ക് കൊടുത്ത മറുപടിയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഹമാസിനെ കുറ്റക്കാരാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ ഇസ്രഈലിനുള്ള സമാന പങ്കാളിത്തം ഉന്നയിക്കാന്‍ അമേരിക്ക ശ്രമിക്കുന്നില്ലെന്നും ഖൗറി പറയുന്നുണ്ട്. കൂടാതെ അമേരിക്കയും ഇസ്രഈലി വംശഹത്യയില്‍ പങ്കാളിയാണെന്നും ഖൗറി കൂട്ടിച്ചേര്‍ത്തു.

Content Highlight: october 7 attack; us indicts hamas leaders