'സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഇപ്പോളില്ല, സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിനു വഴിമരുന്നിടുന്നു'; ആരോപണവും കുറ്റപ്പെടുത്തലുമായി സുകുമാരന്‍ നായര്‍
Kerala News
'സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഇപ്പോളില്ല, സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിനു വഴിമരുന്നിടുന്നു'; ആരോപണവും കുറ്റപ്പെടുത്തലുമായി സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 5:58 pm

ചങ്ങനാശ്ശേരി: സവര്‍ണ-അവര്‍ണ വേര്‍തിരിവുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിനു വഴിമരുന്നിടുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നേടാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തു നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കുകയാണു സര്‍ക്കാര്‍. സവര്‍ണനും അവര്‍ണനുമെന്ന വേര്‍തിരിവ് മുന്‍പുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവര്‍ണ-അവര്‍ണ ചിന്ത മനുഷ്യരുടെ മനസ്സില്‍നിന്ന് എന്നെന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്ക-പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജാതീയമായി പോലും ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കേരളത്തില്‍ വര്‍ഗീയ കലാപത്തിനു വഴിയൊരുക്കുകയാണു യഥാര്‍ഥത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊണ്ടാല്‍ അവരുടെ വോട്ട് നേടാം എന്നാണു സര്‍ക്കാര്‍ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തില്‍ കുറവാണെന്നതാണു കാരണം.

മുന്നാക്ക വിഭാഗങ്ങളിലെ പാവങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പോലും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ കൂടിയാണ് ഇതുചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ വഴി നല്‍കി വന്നിരുന്ന ധനസഹായങ്ങള്‍ക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ടുവര്‍ഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്. 50 കോടിയില്‍ കൂടുതല്‍ രൂപയാണ് ഇങ്ങനെ തടഞ്ഞുവെച്ചിരിക്കുന്നത്.

ഈ വിഷയം വളരെ ഗൗരവത്തില്‍ എന്‍.എസ്.എസ് ഉന്നയിച്ചിട്ടും അതു പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ച്ചെന്ന് കാബിനറ്റ് അവിടെക്കൂടി അവര്‍ ചോദിക്കുന്നതെല്ലാം അനുവദിച്ചുകൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത്.’- സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.