കശ്മീര്‍ ശാന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വീഡിയോ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; വീഡിയോ
ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനം ശാന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോ വിവാദത്തില്‍.
സുരക്ഷാ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സി.ആര്‍.പി.എഫ് ജവാന്മാരുമായി ഇടപഴകുന്നതിന്റെയും തദ്ദേശവാസികളുമൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോയാണ് പുറത്തുവന്നത്.
ഭക്ഷണം കഴിക്കുന്നത് അടച്ചിട്ട കടകള്‍ക്ക് മുമ്പില്‍ നിന്നാണ്. ഭക്ഷണം ആകട്ടെ പാര്‍സല്‍ വാങ്ങിച്ചതാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡുകള്‍ വിജനമാണ്. വീഡിയോയില്‍ സംസാരിക്കുന്ന ഏതാനും പേരല്ലാതെ മറ്റാരെയും കാണാനില്ല.
ചിത്രം എടുത്തിരിക്കുന്നത് കശ്മീരിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശമായ ഷോപിയാനില്‍ നിന്നാണ്. ഇത്രയും സംഘര്‍ഷ ഭരിതമായ പ്രദേശമായിട്ടും അവിടം ശാന്തമാണെന്നാണ് വീഡിയോയിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.
ശാന്തമായ അന്തരീക്ഷമാണ് കശ്മീരിലെങ്കില്‍ തടവിലാക്കിയിരിക്കുന്ന നേതാക്കളെയും ജനങ്ങളെയും എന്തുകൊണ്ടാണ് മോചിപ്പിക്കാത്തതെന്നും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്തുകൊണ്ടാണ് പുനസ്ഥാപിക്കാത്തതെന്നും സാമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.
മുന്‍മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങി നാനൂറോളം നേതാക്കള്‍ അറസ്റ്റിലാണ്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. മറ്റുള്ള നേതാക്കളെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത നേതാക്കളെ ശ്രീനഗറിലെ ഹരി നിവാസിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, ഈദ് ആഘോഷിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ കശ്മീരില്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ നായിക് പറഞ്ഞിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ ആളുകള്‍ക്ക് മാംസം വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി താഴ്വരയിലെ വിവിധ സ്ഥലങ്ങളില്‍ മാന്‍ഡിസ് സ്ഥാപിക്കുമെന്നും റേഷന്‍ ഷോപ്പുകള്‍, പലചരക്ക്, മെഡിസിന്‍ സ്റ്റോറുകള്‍ എന്നിവ ഈ അവസരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അറിയിച്ചിരുന്നു.
ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകളില്‍ ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇത് ജമ്മു കശ്മീരില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിന് സഹായിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
വീഡിയോ കടപ്പാട്: ഇന്ത്യ ടുഡേ