മോദിസര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; കര്‍ഷകര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്: കിസാന്‍ മുക്തി മാര്‍ച്ച് വെള്ളിയാഴ്ച
national news
മോദിസര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; കര്‍ഷകര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്: കിസാന്‍ മുക്തി മാര്‍ച്ച് വെള്ളിയാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2018, 12:32 pm

ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശനങ്ങള്‍ നിരന്തരം അവഗണിക്കുന്ന മോദി സര്‍ക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, തങ്ങളുടെ വിളകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ലഭിക്കും എന്നുറപ്പാക്കുക എന്നീ അതിപ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറു റാലികളായി എത്തുന്ന കര്‍ഷകര്‍ വ്യാഴാഴ്ച വൈകിട്ടോടെ രാംലീല മൈതാനത്ത് സംഗമിക്കും. വെള്ളിയാഴ്ച വന്‍ റാലിയായി കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നീങ്ങും. കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദല്‍ഹിയില്‍ കിസാന്‍ മുക്തി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Read Also : ജഡ്ജിമാരായി തുടരണോ അതോ രാജിവെക്കണോയെന്ന് ചിന്തിക്ക്: അയോധ്യ കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരെ വ്യക്തിപരമായി ആക്രമിച്ച് ആര്‍.എസ്.എസ് നേതാവ്

കടക്കെണിയിലും ദുരിതത്തിലും അകപ്പെട്ട കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാകുമെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. രാജ്യം സ്വതന്ത്രമായി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനം കിട്ടിയിട്ടില്ലെന്നും അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ പറഞ്ഞു. സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ചലോ അയോധ്യ മുദ്രാവാക്യമല്ല അവകാശപ്പോരാട്ടത്തിന്റെ “ചലോ ദല്‍ഹി” മുദ്രാവാക്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21 രാഷ്ട്രീയ പാര്‍ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എം സിങ് അറിയിച്ചു.

Image may contain: text