മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ വിഷമമില്ല; ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് പുറത്താക്കാനാവില്ലല്ലോ; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനനായി നിതിന്‍ പട്ടേല്‍
അഹമ്മദാബാദ്: മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനനായി ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ പട്ടേല്‍. പാര്‍ട്ടി തനിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു നിറ കണ്ണുകളോടെ അദ്ദേഹം പറഞ്ഞത്. താന്‍ അസ്വസ്ഥനല്ലെന്നും നിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ഏറെക്കുറെ ഉറപ്പിച്ച വ്യക്തി കൂടിയായിരുന്നു നിതിന്‍ പട്ടേല്‍.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ഭൂപേന്ദ്ര പട്ടേല്‍ നിതിന്‍ പട്ടേലിനെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിതിന്‍ പട്ടേല്‍ മാധ്യമങ്ങളെ കണ്ടത്.
”ഭൂപേന്ദ്ര പട്ടേല്‍ എന്റെ പഴയ കുടുംബ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഭരണകാര്യങ്ങളില്‍ ആവശ്യമുള്ളപ്പോഴെല്ലാം എന്റെ നിര്‍ദേശം വേണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്,” നിതിന്‍ പട്ടേല്‍ പറഞ്ഞു.
മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ താങ്കള്‍ക്ക് വിഷമമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും പാര്‍ട്ടി തനിക്ക് തന്ന പദവിയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം.
‘ഞാന്‍ അസ്വസ്ഥനല്ല. ഞാന്‍ പതിനെട്ടാം വയസ്സുമുതല്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു, തുടര്‍ന്നും പ്രവര്‍ത്തിക്കും. എനിക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ സേവനം തുടരും, ”നിതിന്‍ പട്ടേല്‍ പറഞ്ഞു.
ഭൂപേന്ദ്ര പട്ടേലിനെ കണ്ടിറങ്ങിയശേഷം നിതിന്‍ പട്ടേല്‍ വികാരാധീനനായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. 30 വര്‍ഷമായി താന്‍ പാര്‍ട്ടിക്കൊപ്പമുണ്ടെന്നും യാതൊരു പരിഭവവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ നിതിന്‍ പട്ടേല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വ്യക്തികളില്‍ മുന്‍പന്തിയില്‍ ഉള്ളയാളായിരുന്നു. എന്നാല്‍ ആദ്യമായി എം.എല്‍.എയായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും നിതിന്‍ പട്ടേല്‍ പ്രതികരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം മെഹ്സാന ടൗണില്‍ നടന്ന ഒരു ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ തന്നെപ്പോലെ തന്നെ മറ്റനേകം പേര്‍ക്ക് ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞിരുന്നു.
വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലായിരുന്നു അടുത്ത മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യവുമായി ഗവര്‍ണറെ കാണാന്‍ ഭൂപേന്ദ്ര പട്ടേലും വിജയ് രൂപാണിയും പോയപ്പോഴും നിതിന്‍ പട്ടേല്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
ഗഡ്ലോദിയ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഭൂപേന്ദ്ര പട്ടേല്‍. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്.
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍.പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ഇവരെയെല്ലാം തള്ളിയാണ് ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി വിജയ് രൂപാണി പ്രഖ്യാപിച്ചത്.