ഭോപ്പാല്‍: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വെബ് കാസ്റ്റിങ് അനുവദിക്കില്ല. കൗണ്ടിങ് ഹാളുകളില്‍ വൈഫൈ അനുവദിക്കില്ലെന്നും മധ്യപ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര് 28 ന് വോട്ടെടുപ്പു നടന്ന മധ്യപ്രദേശില്‍ നാളെയാണ് വോട്ടെണ്ണല്‍. 2899 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടിയത്.
രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ വ്യക്തമാകുമെന്നാണ് സൂചന. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രതീക്ഷയിലാണ് പാര്‍ട്ടികളെല്ലാം. എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ബി.ജെ.പി ആശങ്കയിലാണ്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് മൂന്ന് പ്രധാന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നിരുന്നു. 15 വര്‍ഷത്തെ ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭരണത്തിന് അവസാനം കുറിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി, റിപ്പബ്ലിക് എക്‌സിറ്റ് പോളുകള്‍ പ്രവചിയ്ക്കുന്നത്.
ഛത്തീസ്ഗഡില്‍ ബി.ജെ.പി പ്രതീക്ഷിച്ച മുന്‍തൂക്കം നേടില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. അജിത് ജോഗിയുടെ മൂന്നാം മുന്നണി നിര്‍ണ്ണായകമായേക്കാം എന്ന സൂചനയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നുണ്ട്. അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അതില്‍ മൂന്നെണ്ണവും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഛത്തീസ്ഗഡില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ആകെ ഇരുന്നൂറ് സീറ്റുകളാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. കേവലഭൂരിപക്ഷത്തിന് 101 സീറ്റുകള്‍ വേണം. 2013-ല്‍ 163 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാല്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലേറെയും 105 മുതല്‍ 120 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്.