പാലക്കാട്: മുനമ്പത്ത് നിന്ന് മാത്രമല്ല കേരളത്തില്‍ എവിടെ നിന്നും താമസിക്കുന്ന ഭൂമിയില്‍ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്ത്യയില്‍ ആദ്യമായി കുടിയൊഴിപ്പിക്കരുതെന്ന് ഓര്‍ഡിനന്‍സ് ഇറക്കിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ആ ചരിത്രമുള്ള കേരളത്തില്‍ തങ്ങളാണ് ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നുതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ഒരു വര്‍ഗമായ ജന്മി വിഭാഗം കേരളത്തില്‍ ഇല്ലാതായത് 1969 ഒക്ടോബര്‍ 14ന് ഇ.എം.എസ് ഗവണ്‍മന്റ് നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമം കാരണമാണ്.
അന്ന് നടന്ന ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് 36 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ലഭിച്ചത്. ഇത്തരത്തിലൊരു പാരമ്പര്യവും ചരിത്രവുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരിക്കലും കുടിയൊഴിപ്പിക്കലിനെ അംഗീകരിക്കില്ലെന്നും അമരാവതി ഭൂമിക്കേസില്‍ എ.കെ.ജി സമരം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എമ്മിനെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കോടതിയും കേസുകളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ ഗവണ്‍മെന്റ് പരിഹരിച്ച് ശരിയായ നടപടികള്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ ക്രൈസ്തവ പുരോഹിതന്മാര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ വിരുദ്ധ ശ്രമങ്ങളുടെ ഭാഗമാണെന്നും എം. വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
മുനമ്പം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാത്രം തീര്‍പ്പാക്കേണ്ട പ്രശ്‌നമല്ലെന്നും ഒരു തവണ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അവിടുത്തെ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നികുതി പിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് ഓണര്‍ഷിപ്പ് കിട്ടിയെന്നും എന്നാല്‍ അതിനെതിരെ കോടതിയില്‍ പോവുകയാണുണ്ടായതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഇതൊരു ബോധപൂര്‍വ്വമായ ചര്‍ച്ചാവിഷയമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.