റാഞ്ചി: അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മൗലാന മുഹമ്മദ് കലീമുദ്ദീന്‍ മുജാഹിരിക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അല്‍ഖ്വയ്ദ ബന്ധം ആരോപിക്കാവുന്ന ഒരു തെളിവും മുജാഹിരിക്കെതിരെ ഇല്ലെന്ന് കാണിച്ചാണ് കോടതി നവംബര്‍ മൂന്നിന് ജാമ്യം അനുവദിച്ചത്.
‘അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഏതെങ്കിലും സംഘടന മുജാഹിരിയ്ക്ക് പണം നല്‍കിയതിനും തെളിവില്ല’- കോടതി പറഞ്ഞു.
2019 സെപ്റ്റംബറിലാണ് അല്‍ഖ്വയ്ദ ബന്ധമാരോപിച്ച് ഭീകരവിരുദ്ധ സേന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കലീമുദ്ദിന് ഭീകരവാദ ബന്ധമുണ്ടെന്നും ആള്‍ക്കാരെ പാകിസ്താനിലേക്ക് കയറ്റി അയച്ചിരുന്നെന്നുമാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
കലിമുദ്ദീനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ എം.എല്‍ മീനയാണ് ഇ പ്രസ്താവന നടത്തിയത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നയാളാണ് മുജാഹിരിയെന്നും രണ്ട് ഗൂഢാലോചകരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ചില ദേശവിരുദ്ധ ഗ്രൂപ്പുകളില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും മതിയായ തെളിവുകള്‍ നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി മുജാഹിരിയ്ക്ക് ജാമ്യം അനുവദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക