31 വയസ്സുള്ള സിസിലി രണ്ടു വര്‍ഷമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ പണം കണ്ടെത്താനുള്ള വഴി തേടുകയാണ്. 6 മാസത്തിനിടയ്ക്ക് അഞ്ച് തവണ ലേസര്‍ ചികിത്സ ചെയ്യണം. ഇതിനു മാത്രമുള്ള ചിലവ് 30000 രൂപയാണ്. ട്രെയിനില്‍ കൊട്ടിപ്പാടിയും വീട്ടു ജോലി ചെയ്തും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സിസിലി.
” മൂന്ന് ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല. സര്‍ജ്ജറി ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് അന്നന്നത്തെ ജീവിതവും മുന്നോട്ടു കൊണ്ടു പോകണം. ബാംഗ്ലൂരില്‍ ഹിജഡകളുടെ കൂടെ പോയാല്‍ സര്‍ജ്ജറി ചെയ്തു തരും. പിന്നീട് ഭിക്ഷാടനം നടത്തിയും സെക്സ് വര്‍ക്ക് ചെയ്തും അവര്‍ക്ക് പൈസ കൊടുത്താലേ നാട്ടിലേക്ക് മടങ്ങാനാകൂ”…കോഴിക്കോടുകാരിയായ ട്രാന്‍സ്ജെന്റര്‍ സിസിലി പറയുന്നു.
ഏറെ നാളായുള്ള തങ്ങളുടെ ജീവിതാഭിലാഷം നിറവേറ്റുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ഹോസ്പിറ്റലിലും ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് സിസിലി.
കേരളത്തിലെ ആയിരക്കണക്കിന് ട്രാന്‍സ്ജന്റെറുകളുടെയും അവസ്ഥ ഇതില്‍ നിന്നും വിഭിന്നമല്ല. ശസ്ത്രക്രിയയ്ക്കാവശ്യമായ സാമ്പത്തിക സഹായവും ആശുപത്രി സംവിധാവും ലഭിക്കാത്തതോടെ ലിംഗമാറ്റ ശസ്തക്രിയ ഒരു വിദൂര സ്വപ്നമായി കൊണ്ടു നടക്കുകയാണ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രാന്‍സ്ജെന്ററുകളും.
തങ്ങളുടെ വ്യത്യസ്തമായ ലൈംഗിക സ്വത്വം മൂലം ചെറുപ്പത്തിലേ സ്വന്തം വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവരാണ് ഭൂരിപക്ഷം ട്രാന്‍സ്ജെന്ററുകളും. പൂര്‍ണ അര്‍ത്ഥത്തില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീയായി മാറുകയെന്നതാണ് അവരുടെ ഏറ്റവും വലിയ ലക്ഷ്യം. എന്നാല്‍ അതിനുള്ള ഭാരിച്ച ചിലവാണ് ഇവര്‍ക്കുമുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി.
sex reassignment sugery (SRS ) എന്നറിയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണവും നിരവധി മെഡിക്കല്‍ സംവിധാനങ്ങളും ആവശ്യമായതുകൊണ്ടു തന്നെ വളരെ വലിയൊരു തുക ഇതിന് ആവശ്യമായി വരും. 50000 രൂപ വരെ ചിലവു വരുന്ന ലേസര്‍ ചികിത്സ, ഹോര്‍മോണ്‍ ചികിത്സ, പിന്നെ ലക്ഷങ്ങള്‍ ചിലവു വരുന്ന ശസ്ത്രക്രിയ തുടങ്ങി നിരവധി ഘട്ടങ്ങള്‍ എസ്.ആര്‍.എസില്‍ ഉള്‍പ്പെടും. “എസ്.ആര്‍.എസ് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ചെയ്യുകയാണെങ്കില്‍ 25 മുതല്‍ 30 ലക്ഷം രൂപയോളം ചിലവുവരുമെന്നാണ്” പരിയാരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയശ്രീ പറയുന്നത്.
ഒരു ജോലി കണ്ടെത്തുകയെന്നത് ട്രാന്‍സ്‌ജെന്റേഴ്‌സുകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ പലരും ലൈംഗിക തൊഴിലും ഭിക്ഷാടനവും പിടിച്ചുമറിയുമൊക്കെ നടത്താന്‍ നിര്‍ബന്ധിതരാവുന്നു. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാമെന്നത് കൊണ്ട് തന്നെ പലരും സെക്സ് വര്‍ക്ക് തെരഞ്ഞെടുക്കുന്നത്. ഇത് പല ആരോഗ്യ മാനസിക പ്രശ്നങ്ങളിലേക്കും അവരെ തള്ളി വിടുകയും ചെയ്യുന്നു. “ഞാനൊരു കോമഡി ആര്‍ട്ടിസ്റ്റ് ആയതു കൊണ്ട് എന്റെ പ്രൊഫഷനിലൂടെ എനിക്ക് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷേ കയറിക്കിടക്കാന്‍ ഒരു വീടോ നല്ലൊരു ജോലിയോ ഇല്ലാത്തവരാണ് ഭൂരിഭാഗം ട്രാന്‍സ്‌ജെന്ററുകളും. ഇവരെ സംബന്ധിച്ചിടത്തോളം ഇതിനായുള്ള പണം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്.” ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റും പ്രമുഖ കോമഡി ആര്‍ട്ടിസ്റ്റുമായ സൂര്യ ചോദിക്കുന്നു.
സൂര്യ
ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്താലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. അതിനുശേഷം ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് അടക്കം വര്‍ഷങ്ങളോളമുള്ള തുടര്‍ ചികിത്സയിലൂടെ മാത്രമേ തങ്ങളാഗ്രഹിക്കുന്ന ശരീരവുമായി ഇവര്‍ക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂ. തുടര്‍ചികില്‍സ കൃത്യമായി നടത്തിയില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ഓരോ വ്യക്തികളുടെയും ശരീരത്തിന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റു പ്രത്യേകതകളും അനുസരിച്ച് തുടര്‍ ചികിത്സയുടെ കാലയളവ് നീണ്ടു പോയേക്കാം. ചിലര്‍ക്ക് മരണം വരെ ഇതുതുടര്‍ന്നു കൊണ്ടു പോകേണ്ടി വരും. പക്ഷേ ഇതിനും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഒരു സംവിധാനവും ഇവര്‍ക്ക് ലഭിക്കുന്നില്ല. “കോയമ്പത്തൂരില്‍ വെച്ചുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ വെച്ച് സര്‍ജറി ചെയ്തിട്ട് ഒരു വര്‍ഷത്തോളമായി. ഇപ്പോള്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. മാസം 3000 രൂപയോളം ചികിത്സാ ചിലവും പുറമെ മരുന്നിനുമായി ആയിരങ്ങളാണ് ചിലവാകുന്നത്. ഞങ്ങളെ പോലുള്ളവര്‍ക്ക് ഇത് താങ്ങാവുന്നതിലപ്പുറമാണെന്ന് ” ശ്രീക്കുട്ടി പറയുന്നു.
സംസ്ഥാനത്തെ ഏകദേശം മുപ്പതിനായിരത്തോളം വരുന്ന ട്രാന്‍സ്ജെന്‍ഡറുകളില്‍ 91 ശതമാനം പേരും ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്തവരാണ്. ഇവരില്‍ 81 % പേര്‍ക്കും തങ്ങളുടെ ഐഡന്റിറ്റി ചെയ്ഞ്ച് ചെയ്യണമെന്നുണ്ടെന്നും 52 ശതമാനം പേരും തങ്ങളുടെ ശാരീരിക ഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും പക്ഷേ ഇതിനാവശ്യമായ മാനസിക സാമ്പത്തിക പിന്തുണ ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാറിന്റെ തന്നെ സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ലിംഗമാറ്റ ശസ്ത്രിക്രിയയെന്ന ലക്ഷ്യത്തിലെത്താന്‍ ഇവരെ സഹായിക്കുന്ന യാതൊരു നടപടികളും കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ട്രാന്‍സ്‌ജെന്റേഴ്‌സ് നയത്തില്‍ സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ വഴി സൗജന്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതിനുവേണ്ടുന്ന സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പും സാമൂഹിക നീതി വകുപ്പും നിര്‍ബന്ധമായും ഉറപ്പു വരുത്തണമെന്നും ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും നയത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറവും അതിനുള്ള നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഈ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമില്ലെന്നാണ് ഡോ. ജയശ്രീ പറയുന്നത്. കോഴിക്കോടും കോട്ടയത്തും ട്രാന്‍സ്‌ജെന്റേഴ്‌സിനുവേണ്ടി പ്രത്യേകം ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയൊന്നും ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമില്ല. “കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ഇവര്‍ക്കായി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്. പക്ഷേ സാധാരണയുള്ള പനി പോലുള്ള അസുഖങ്ങള്‍ക്ക് അവര്‍ക്ക് ആശുപത്രികളില്‍ പോയി ചികില്‍സ നേടാം. പക്ഷേ അതിലുപരി ഹോര്‍മോണ്‍ ചികിത്സകള്‍ക്കും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുമുള്ള സംവിധാനമാണ് കൊണ്ടു വരേണ്ടത്. ഇതിന് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും കണ്ടു വരുന്നില്ല. ” ജയശ്രീ പറയുന്നു. കോട്ടയത്ത് ഹോര്‍മോണ്‍ ചികിത്സ പോലുള്ള കാര്യങ്ങള്‍ക്ക് സൗകര്യമുണ്ടെന്നും അവര്‍ പറയുന്നു.
വിവിധ സ്റ്റേജുകളിലൂടെ കടന്നു പോകുന്ന ഈ ശസ്ത്രക്രിയയ്ക്ക് അത്യാധുനികമായ സംവിധാനങ്ങളും വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമാണ്. പക്ഷേ കേരളത്തില്‍ അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് പ്രമുഖ പ്ലാസ്റ്റിക് സര്‍ജ്ജറി വിദഗ്ദനായ ഡോ. ജോര്‍ജ്ജ് മാത്യു പറയുന്നു. “ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി 6 മാസത്തോളമെങ്കിലും ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കണം. ശേഷം ഹോര്‍മോണ്‍ ചികിത്സ ചെയ്യണം. കുറഞ്ഞത് രണ്ടു വര്‍ഷത്തോളമെങ്കിലും ഇതിന്റെ തുടര്‍ ചികിത്സ നീണ്ടു നില്‍ക്കും. അതിനായുള്ള ചിലവുകള്‍ വേറെയും. ഇത്രയും ഭീമമായൊരു തുക കണ്ടെത്താന്‍ കഴിയാത്തതോടെ ചിലര്‍ പ്രാകൃതമായ രീതിയില്‍ ലിംഗം മുറിച്ചു മാറ്റുന്നുമുണ്ട്. മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തില്‍ വളരെ അപകടം പിടിച്ചതാണിതെന്നും” അദ്ദേഹം പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫീമെയില്‍ ടു മെയില്‍ വിഭാഗത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ അണുബാധ പോലുളള പ്രശ്‌നങ്ങള്‍ കാരണം ഇതു പരാജയപ്പെടുകയാണുണ്ടായത്. കേരളത്തില്‍ ചികിത്സ നടത്താന്‍ ട്രാന്‍സ്‌ജെന്റേഴ്‌സുകള്‍ക്കിടയില്‍ ഭയം രൂപപ്പെടാനും ഇത് ഇടയാക്കിയിട്ടുണ്ട്. “കഷ്ടപ്പെട്ട് പണം കണ്ടെത്തിയാല്‍ തന്നെ കേരളത്തില്‍ ഇതിനായൊരു സൗകര്യമില്ല. ഇവിടുത്തെ പരിചയമില്ലാത്ത ഡോക്ടര്‍മാരുടെ കീഴില്‍ ശസ്ത്രകിയ നടത്താന്‍ തങ്ങള്‍ക്ക് ഭയമാണ്. തങ്ങളുടെ ശരീരം ഒരു പരീക്ഷണ വസ്തുവല്ല, പിന്നെ എന്ത് ധൈര്യത്തില്‍ തങ്ങള്‍ ഇവിടങ്ങളില്‍ പോവും?” സൂര്യ പറയുന്നു.
കടപ്പാട്- ദി ഹിന്ദു
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ക്ലിനിക്കില്‍ ചികിത്സക്കായെത്തുന്ന ഭൂരിഭാഗവും ഇവിടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രാരംഭ ദശയിലുള്ളൊരു ക്ലിനിക്കിന്, അതും സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിന് അത്തരം മെച്ചപ്പെട്ട ചികിത്സ രീതികള്‍ ഒരു സ്വപ്നം മാത്രമാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് ഉള്ളതുകൊണ്ട് വലിയയൊരളവുവരെ ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുമെങ്കിലും ഡോക്ടമാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ട്രെയ്നിംഗ് ആവശ്യവുമുണ്ടെന്നും ഇവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാറിനെ സമീപിച്ചപ്പോള്‍ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന രീതിയില്‍ പദ്ധതി കൊണ്ടുവരാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
“ട്രാന്‍സ്ജെന്ററുകളുടെ അടിസ്ഥാന ആവശ്യമായ ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായോ കുറഞ്ഞ ചിലവിലോ നടത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്തിയുമായി സംസാരിച്ചപ്പോള്‍ ചികില്‍സാ ചിലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളേജുകളെ കേന്ദ്രീകരിച്ചുകൊണ്ട് വിദഗ്ദ ഡോക്ടര്‍മാരുടെ ഒരു സംഘമടങ്ങുന്ന “ട്രാന്‍ഡസ്‌ജെന്റര്‍ സൗഹൃദമായ” ചികില്‍സാ സംവിധാനമാണ് ആദ്യം ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതെന്നും സെക്ഷ്വല്‍ മൈനോരിറ്റി കേരളയുടെ സിക്രട്ടറിയും പ്രമുഖ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം പറയുന്നു.
ശീതള്‍ ശ്യാം
കേരളത്തിലെ ചുരുക്കം ചില സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക ഈടാക്കിക്കൊണ്ട് ഇത്തരം സര്‍ജ്ജറികള്‍ നടക്കുന്നുണ്ടെങ്കിലും പലരും ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രത്യേകിച്ച് ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍. കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ശസ്ത്രക്രിയചെയ്തു കിട്ടുമെന്നതു കൊണ്ടാണ് പലരും ഇത്തരം കേന്ദ്രങ്ങളില്‍ പോയി ആവശ്യം നിറവേറ്റുന്നത്. കുറഞ്ഞ ചിലവില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമ്പോള്‍ തന്നെയും ഇത്തരം കേന്ദ്രങ്ങളിലും ഇവര്‍ ചൂഷണത്തിന് വിധേയമാവുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എങ്ങനെയെങ്കിലും ശസ്ത്രക്രിയ ചെയ്യണമെന്നുള്ള അതിയായ ആഗ്രഹം മൂലം വേണ്ടത്ര അന്വേഷിക്കാതെ ആരെങ്കിലുമൊക്കെ പറഞ്ഞുകേട്ടാണ് പലരും പല ആശുപത്രികളിലും എത്തുന്നത്. “ഇങ്ങനെയുള്ളവരില്‍ പലരും പല വിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സാമ്പത്തിക ചൂഷണം നേരിടുന്നുന്നവരും പരീക്ഷണ വസ്തുവാക്കപ്പെടുന്നവര്‍ വരെയുണ്ട്.” ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റും കോമഡി ആര്‍ട്ടിസ്റ്റുമായ സൂര്യ പറയുന്നു.
ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ നിന്നും തങ്ങള്‍ നേരിടുന്ന അവഗണനകളും കളിയാക്കലുകളും ഇല്ലാതായി വളരെ നല്ല രീതിയില്‍ ജീവിക്കുക എന്നതാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്കു വിധേയമാവണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ” ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ഒരു പൂര്‍ണ്ണ സ്ത്രീയാവണമെന്നത് വളരെ കാലമായുള്ള ആഗ്രഹമാണ്. സര്‍ജ്ജറിക്കാവശ്യമായ പണമുണ്ടായിരുന്നെങ്കില്‍ പുറത്തുള്ള ആശുപത്രിയില്‍ എവിടെയെങ്കിലും പോയി നടത്തിയേനെ.” സുസ്മി ഡൂള്‍ന്യൂസിനോടു പറഞ്ഞു.