അമരാവതി: തങ്ങളുടെ സർക്കാരിന് അദാനി ഗ്രൂപ്പുമായി നേരിട്ട് ഇടപാടുകളില്ലെന്ന് വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി ). സോളാർ വൈദ്യുതി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാരോപിച്ച് ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈ.എസ്.ആർ.സി.പി, അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്ന് പ്രസ്താവിച്ചത്.
വൈ.എസ്.ആർ.സി.പി ഭരണകാലത്ത് ആന്ധ്രാപ്രദേശിൽ സൗരോർജ കരാറിന് കൈക്കൂലി നൽകിയെന്നാരോപിച്ച് അദാനി ഗ്രൂപ്പിനെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി.
അദാനിയുമായി നേരിട്ട് കരാറില്ലെന്ന് പാർട്ടി പറഞ്ഞു. 7,000 മെഗാവാട്ട് വൈദ്യുതി സംഭരണത്തിന് 2021 നവംബറിൽ ആന്ധ്രാ പ്രദേശ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷം സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.ഇ.സി.ഐ) തമ്മിൽ 2021 ഡിസംബർ ഒന്നിന് വൈദ്യുതി വിൽപ്പന കരാർ ഒപ്പുവെച്ചതായും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
‘എസ്.ഇ.സി.ഐ ഒരു ഗവൺമെൻ്റ് ഓഫ് ഇന്ത്യ എൻ്റർപ്രൈസ് ആണെന്ന് പറയേണ്ടതുണ്ട്. എ.പി ഡിസ്കോമുകളും അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന മറ്റ് സ്ഥാപനങ്ങളും തമ്മിൽ നേരിട്ട് ഒരു കരാറും ഇല്ല. അതിനാൽ, കുറ്റപത്രത്തിൻ്റെ വെളിച്ചത്തിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്,’ വൈ.എസ്.ആർ.സി.പി പറഞ്ഞു.
അദാനി ഗ്രീൻ എനർജി എന്ന കമ്പനി ഇന്ത്യയിൽ സൗരോർജ കോൺട്രാക്ടുകൾ ലഭിക്കാൻ 265 മില്യൺ ഡോളർ കോഴ നൽകി എന്നും തുടർന്ന് അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് കോൺട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാൻ കമ്പനി ഈ വിവരങ്ങൾ അപ്പാടെ മറച്ചുവെച്ചുമെന്നുമാണ് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർക്കിലെ യു.എസ് അറ്റോർണി നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
ഗൗതം അദാനിയും സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരും 2020നും 2024നും ഇടയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി 265 മില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 2,029 കോടി രൂപ നൽകാമെന്ന് സമ്മതിച്ചു. പകരം 2 ബില്യൺ ഡോളർ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറുകൾ അവർക്ക് നൽകണം എന്നതായിരുന്നു ഡീൽ.
Content Highlight: No direct agreement with Adani, says YSRCP on allegation of bribe for power purchase