national news
മന്‍ കി ബാതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 11, 06:42 am
Monday, 11th June 2018, 12:12 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “മന്‍ കി ബാതു”മായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പരിപാടിയിലേക്കുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണ് പി.എം.ഒ. അറിയിച്ചത്.

പരിപാടിയിലേക്കു വരുന്ന വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അവയുടെ സ്വഭാവമനുസരിച്ച് വിവിധ മന്ത്രാലയങ്ങളിലേക്കും ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും കൈമാറുകയാണ് പതിവെന്നും അധികൃതര്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അസിം ടാക്യാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പി.എം.ഒ ഇക്കാര്യം കമ്മീഷണര്‍ ആര്‍.കെ. മാഥുറിനു മുമ്പാകെ അറിയിക്കുകയായിരുന്നു. പരിപാടി ആരംഭിച്ചതിനു ശേഷം ആകെ ലഭിച്ചിട്ടുള്ള സന്ദേശങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ആര്‍.ടി.ഐ. ഫയല്‍ ചെയ്തിട്ടുള്ളത്.


Also Read തൂത്തുക്കുടി ജനതയോടുള്ള ഐക്യദാര്‍ഢ്യം: ഇത്തവണ പിറന്നാള്‍ ആഘോഷമില്ലെന്ന് നടന്‍ വിജയ്


ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മോദി പൊതുജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന മന്‍ കി ബാത്, ഓള്‍ ഇന്ത്യാ റേഡിയോവിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. MyGov.in എന്ന ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി നിര്‍ദ്ദേശങ്ങളയച്ച് എല്ലാവര്‍ക്കും ഈ പരിപാടിയില്‍ പങ്കാളികളാകാമെന്നും അറിയിപ്പുണ്ടായിരുന്നു. ആകാശവാണിയുടെ വെബ്‌സൈറ്റ് പ്രകാരം ഇതുവരെ 44 എപ്പിസോഡുകളാണ് പുറത്തുവന്നിട്ടുള്ളത്.

പി.എം.ഒയുടെ മറുപടി അതൃപ്തികരമായി തോന്നിയതിനെത്തുടര്‍ന്ന് ടാക്യാര്‍ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.