ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി.) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.
രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര നിയമ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 21ാം നിയമ കമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആ നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചുവെന്നും മന്ത്രി രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21ാം നിയമ കമ്മിഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ 22ാം നിയമ കമ്മീഷന്‍ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായി ബി.ജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്.
ഉത്തര്‍പ്രദേശും അസമും ഉള്‍പ്പെടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കുകയും അത് നടപ്പാക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.