വയനാട്ടിലെ ദുരന്ത മേഖലയിൽ ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല: വൈദ്യുതി മന്ത്രി
keralanews
വയനാട്ടിലെ ദുരന്ത മേഖലയിൽ ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല: വൈദ്യുതി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 2:42 pm

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ദുരിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറ്  മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.

ദുരന്ത ബാധിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ബിൽ ഈടാക്കരുതെന്ന നിർദേശം നൽകിയതായി മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലാണ് സൗജന്യമായി വൈദ്യതി വിതരണം നടത്തുക. കെ.എസ്.ഇ.ബിയുടെ ചൂരൽ മല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്ക്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളാണ് സൗജന്യമായി വൈദ്യതി വിതരണം ചെയ്യുക.

ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശികയുണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ഇതിൽ 385 ഓളം വീടുകൾ പൂർണമായി തകർന്നു പോയിട്ടുള്ളതായി കെ.എസ്.ഇ.ബി കണ്ടെത്തിയിട്ടുണ്ട്.

വയനാട് ദുരന്തത്തിലെ ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 369 പേരാണ് ഇതുവരെ ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക കണക്കുകളില്‍ 221 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 180 പേരെ ഇനിയും കണ്ടെത്താനുള്ളതായിട്ടാണ് കണക്കുകള്‍ പറയുന്നത്.

ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

മരണപ്പെട്ടവരില്‍ തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും സംസ്‌കരിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുത്തുമലയിലെ ഹാരിസണ്‍സ് മലയാളത്തിന്റെ ഭൂമിയില്‍ 8 മൃതദേഹങ്ങൾ സംസ്കരിച്ചു. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും തിരിച്ചറിയാനായി ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ സ്വീകരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഒരാഴ്ചക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്നലെ പ്രവര്‍ത്തിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറന്നത്.

Content Highlight: No current charges for two months in disaster zone of Wayanad: Power Minister