തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ തുടരാന്‍ തീരുമാനം.
ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം.
ടി.പി.ആര്‍. 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും.
പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.
ഈയാഴ്ച ഏതൊക്കെ പ്രദേശങ്ങളില്‍ എങ്ങനെയായിരിക്കും നിയന്ത്രണങ്ങളെന്ന പട്ടിക ഇന്ന് പുറത്തുവിടും. ഇന്നത്തെ ടി.പി.ആര്‍. അനുസരിച്ചായിരിക്കും മേഖലകള്‍ തരംതിരിക്കുക.
ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനു വേഗം പോരെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് യോഗം വിലയിരുത്തിയത്. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും എടുക്കുക.
നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്.
ഈയാഴ്ച ഇത് 24 ശതമാനത്തിനു മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായെന്നും സൂചനയുണ്ട്. ഇതനുസരിച്ച് കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിന് കീഴില്‍ വരും.