അഭയം നല്‍കണമെന്ന സ്‌നോഡന്റെ അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യ
World
അഭയം നല്‍കണമെന്ന സ്‌നോഡന്റെ അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2013, 10:23 am

[]റഷ്യ: രാഷ്ട്രിയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ##യു.എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ##എഡ്വേര്‍ഡ് സ്‌നോഡന്റെ  അപേക്ഷ് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. []

സ്‌നോഡെന് പ്രത്യേക സഹായമോ സൗകര്യമോ റഷ്യ ചെയ്തു കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കോയിലെ വിമാനത്താവളത്തില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സ്‌നോഡെന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇ മെയില്‍ വഴിയാണ് സ്‌നോഡന്‍ മനുഷ്യാവകാശ സംഘടനകളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ആഗോള മനുഷ്യാവകാശ നിയമ പ്രകാരം മറ്റൊരു രാജ്യത്ത് അഭയം തേടാനുള്ള അവകാശം അമേരിക്ക നിഷേധിക്കുകയാണെന്ന് സ്‌നോഡന്‍ മനുഷ്യാവകാശ സംഘടനകള്‍ക്കയച്ച കത്തില്‍ പറയുന്നു.

റഷ്യ തനിക്ക് താത്കാലിക അഭയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു.

എന്നാല്‍ മോസ്‌കോയിലെ വിമാനത്താവളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ ഏതൊരാള്‍ക്കും സാധിക്കുമെന്നും അതിന് പ്രത്യേക സഹായങ്ങള്‍ ലഭിക്കണമെന്നില്ലെന്നും സെര്‍ജി ലെവ്‌റോവ് പറഞ്ഞു.

സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത് വരെ റഷ്യ താത്കാലിക അഭയം നല്‍കുമെന്ന വാര്‍ത്ത തെറ്റാണെന്നും റഷ്യന്‍ കുടിയേറ്റ സര്‍വീസ് മേധാവി കൊന്‍സ്റ്റാന്‍ടിന്‍ റോമോഡാനോസ്‌കി വ്യക്തമാക്കി.

സ്‌നോഡന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചുവെന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സ്‌നോഡന്‍ തയ്യാറാകണമെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്റെ വക്താവ് ആവശ്യപ്പെട്ടു.

എന്നാല്‍ സ്‌നോഡന്‍ റഷ്യയിലുണ്ടെന്ന വാര്‍ത്തയോട് ശക്തമായാണ് അമേരിക്ക പ്രതികരിച്ചത്. അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സ്‌നോഡനെ റഷ്യ സംരക്ഷിക്കുന്നത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ഇദ്ദേഹത്തെ ഉടന്‍ യു.എസിന് കൈമാറണമെന്നും വൈറ്റ് ഹൗസ് വക്താവ് ജെയ്ന്‍ കാര്‍ണി ആവശ്യപ്പെട്ടു.

ഹോംഗ്‌കോംഗില്‍ വെച്ച് വിവരങ്ങള്‍ പുറത്തുവിട്ട ശേഷം കഴിഞ്ഞ മാസം 23നാണ് സ്‌നോഡെന്‍ റഷ്യയിലേക്ക് കടന്നത്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരുവിവരവുമില്ലായിരുന്നു.

ഇക്വഡോറും വെനിസ്വേലയും സ്‌നോഡെന് അഭയം നല്‍കാന്‍ സന്നദ്ധമാണെങ്കിലും അവിടെയെത്താനുള്ള മാര്‍ഗങ്ങള്‍ അമേരിക്കന്‍ നിയന്ത്രണത്തിലാണ്.

രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റം ആരോപിച്ച് സ്‌നോഡെനെതിരെ യു എസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌നോഡെന്റെ മേല്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ആരോപിച്ചത്.