തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന എഫ്.ഐ.ആറുകള്‍; ഹരിയാനയില്‍ 372 പൊലീസുകാര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍
national news
തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന എഫ്.ഐ.ആറുകള്‍; ഹരിയാനയില്‍ 372 പൊലീസുകാര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 8:50 am

 

ചണ്ഡീഗഢ്: കെട്ടിക്കിടക്കുന്ന എഫ്.ഐ.ആറുകളില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള 372 അന്വേഷണ ഉദ്യോഗസ്ഥരെ (ഐ.ഒ) സസ്പെന്‍ഡ് ചെയ്യാന്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

നടപടിയെടുക്കാത്ത കേസുകള്‍ ഒരു മാസത്തിനകം അന്തിമ തീര്‍പ്പാക്കുന്നതിനായി അതത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണമെന്നും അല്ലാത്തപക്ഷം ആ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആഭ്യന്തര മന്ത്രി ഡി.ജി.പിക്കയച്ച കത്തില്‍ പറയുന്നു.

‘കേസുകള്‍ തീര്‍പ്പാക്കണമെന്ന് പല തവണയായി ഞാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും തീര്‍പ്പാക്കാത്ത എഫ്.ഐ.ആറുകളുടെ കാര്യത്തില്‍ ഐ.ഒമാരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. ഒരു വര്‍ഷത്തിലേറെയായി 3,029 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. അവയുടെ അന്തിമ തീര്‍പ്പ് ഇതുവരെ നടന്നിട്ടില്ല,’ വിജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിര്‍സ (66), ഗുരുഗ്രാം (60), യമുനാനഗര്‍ (57), ഫരീദാബാദ്് (32), കര്‍ണാല്‍ (31), റോഹ്തക് (31), അംബാലയില്‍ (30), ജിന്ദ് (24), ഹിസാര്‍ (14), പാഞ്ചകുള (10), സോനിപ്പറ്റ് (ഒമ്പത്), റിവാരി (അഞ്ച്), പാനിപ്പത്ത് (മൂന്ന്) എന്നിവടങ്ങളിലെ ഐ.ഒമാരെ സസ്പന്‍ഡ് ചെയ്യുന്നതിനാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.

 

Content Highlights: No action on FIRs: Minister directs Haryana DGP to suspend 372 IOs