ന്നാ താന്‍ കേസ് കൊട് എന്ന തന്റെ ആദ്യ സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറുകയാണ് ചിത്രത്തില്‍ ജഡ്ജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പി.പി കുഞ്ഞികൃഷ്ണന്‍.
ആദ്യ സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് ഒരു വിധത്തിലും തോന്നാത്ത രീതിയിലുള്ള അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ ഇദ്ദേഹം കാഴ്ചവെച്ചത്. സിനിമകളില്‍ പൊതുവേ കണ്ടുപോന്ന കോടതി മുറിയും കര്‍ക്കശക്കാരനായ ജഡ്ജിയില്‍ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരുന്നു ന്നാ താന്‍ കേസ് കൊട് പ്രേക്ഷകര്‍ക്ക് നല്‍കിയത്.
പറയുന്ന ഓരോ ഡയലോഗിലും നര്‍മത്തിന്റെ മേമ്പൊടി ചാര്‍ത്തി എന്നാല്‍ കാര്‍ക്കശ്യക്കാരനാകേണ്ടിടത്ത് അങ്ങനെ പെരുമാറുന്ന ജഡ്ജിയെ അതിന്റെ രസം ഒട്ടും ചോരാതെ അവതരിപ്പിക്കാന്‍ കുഞ്ഞികൃഷ്ണന് സാധിച്ചിരുന്നു.
ഇത്തരമൊരു കഥാപാത്രത്തെ തന്നില്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചതിന് സംവിധായകന് ഒരു ബിഗ് സല്യൂട്ട് നല്‍കുകയാണ് കുഞ്ഞികൃഷ്ണന്‍.
ഫോട്ടോ കണ്ടാണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും മൂന്ന് തവണ ഇന്റര്‍വ്യൂവും പ്രീ ഷൂട്ടും കഴിഞ്ഞ ശേഷമാണ് ഈ കഥാപാത്രത്തെ തന്റെ കയ്യില്‍ ഏല്‍പ്പിച്ചതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞികൃഷ്ണന്‍ പറയുന്നു.
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളും കുഞ്ചാക്കോ ബോബനും വലിയ രീതിയില്‍ സഹകരിച്ചെന്നും ജൂനിയര്‍ ആര്‍ടിസ്റ്റുകളേക്കാള്‍ താഴെയായിരുന്ന താനുള്‍പ്പെടെയുള്ളവരോടുള്ള അവരുടെ സമീപനം എടുത്തുപറയേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്ട് ഡബ്ബിങ് ആയിരുന്നു. ചില ഡയലോഗ് തെറ്റുമ്പോഴൊക്കെ കുഞ്ചാക്കോ ബോബന്‍ അടുത്തുവരും. ചില സജഷന്‍സ് ഒക്കെ പറയും.
ഷൗട്ട് ചെയ്യേണ്ട സ്ഥലത്ത് അങ്ങനെയും അല്ലാത്തിടത്ത് സോഫ്റ്റായും പെരുമാറുന്ന ജഡ്ജിയെ ആണ് അവതരിപ്പിച്ചത്. സ്‌ക്രിപ്റ്റില്‍ പറയുന്ന രീതിയില്‍ തന്നയാണ് ചെയ്തത്. പിന്നെ ഭാഷയില്‍ ചില മാറ്റങ്ങള്‍ ചിലയിടത്ത് വരുത്തിയിരുന്നു. അതിന് അവര്‍ അനുമതിയും തന്നിരുന്നു.
ഒരു സീനിലും എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പിന്നെ രതീഷ് ഒരിക്കല്‍ പോലും റഫ് ആയി സംസാരിച്ചിട്ടില്ല. അവര്‍ കുറച്ചു റഫായി നിന്നാല്‍ നമുക്ക് സമ്മര്‍ദ്ദം ആകുമായിരുന്നു. അതില്ലായിരുന്നു. വളരെ സോഫ്റ്റായിട്ടാണ് പെരുമാറിയത്.
സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ലെന്നും താന്‍ അതിന് ശ്രമിച്ചിട്ടുമില്ലെന്നും കുഞ്ഞികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. കുഴിയുമായി ബന്ധപ്പെട്ട പരസ്യവാചകത്തില്‍ മന്ത്രി റിയാസ് തന്നെ മറുപടി കൊടുത്തിട്ടുണ്ട്. പിന്നെ ഇത്തരം കാര്യങ്ങളില്‍ വരുന്ന പ്രതികരണമൊന്നും പാര്‍ട്ടിയുടെ കണക്കില്‍ എഴുതരുതെന്നും സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയതാണ്. വിമര്‍ശനത്തെ വിമര്‍ശനമായി കാണുക. അതാണ് കോടിയേരി പറഞ്ഞത്, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
സിനിമയില്‍ അഭിനയിച്ച കാര്യം നാട്ടിലാരോടും താന്‍ പറഞ്ഞിരുന്നില്ലെന്നും ചിത്രത്തിന്റെ പോസ്റ്ററും ടീസറുമൊക്കെ കണ്ടപ്പോഴാണ് പലരും താന്‍ അഭിനയിച്ച കാര്യം അറിഞ്ഞതെന്നും വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.