സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇത് എട്ടിന്റെ പണി!
Sports News
സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇത് എട്ടിന്റെ പണി!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th December 2024, 6:52 pm

ഏറെ ആവേശത്തോടെയാണ് 2025 ഐ.പി.എല്ലിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിന് ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും മെഗാ താരലേലത്തിന് പിന്നാലെയുള്ള ചര്‍ച്ചകള്‍ ഇപ്പോളും തുടരുകയാണ്. ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സും ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനിലും താരലേലത്തിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും മോശമല്ലാത്ത സ്‌ക്വാഡിനെ തന്നെ പടുത്തുയര്‍ത്താന്‍ ടീമിന് സാധിച്ചിരുന്നു.

എന്നിരുന്നാലും ആരാധകരില്‍ വലിയ രീതിയിലുള്ള ആശങ്കയാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയ നീതീഷ് റാണ ഉണ്ടാക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന കളിക്കാരനായിരുന്നു നിതീഷ് റാണ. 88 മത്സരങ്ങളില്‍ നിന്ന് 136.32 സ്‌ട്രൈക്ക് റേറ്റില്‍ 2,199 റണ്‍സ് കെ.കെ.ആറിന് വേണ്ടി താരം നേടി.

2018 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെ.കെ.ആര്‍) വിശ്വസ്തനായ ഇടംകയ്യന്‍ ബാറ്ററെ ഫ്രാഞ്ചൈസി കൈവിട്ടപ്പോള്‍ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് റാണയെ സ്വന്തമാക്കുകയായിരുന്നു.

ഐ.പി.എല്ലിന് മുമ്പ് താരങ്ങള്‍ക്ക് ടി-20 കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു സയ്യിദ് മുഷ്താഖ് അലി ട്രോഫി. എന്നാല്‍ ഉത്തര്‍ പ്രദേശിന് വേണ്ടി മോശം പ്രകടനമാണ് റാണ സീസണില്‍ കാഴ്ചവെച്ചത്. ദല്‍ഹിക്കെതിരെ ആദ്യ മത്സരത്തില്‍ 61 റണ്‍സ് നേടിയെങ്കിലും ടൂര്‍ണമെന്റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 110 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

അതില്‍ ഒരു ഡക്ക് അടക്കം ആറ് ഒറ്റ സംഖ്യ രേഖപ്പെടുത്തിയാണ് താരം പുറത്തായത്. നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് റാണയ്ക്ക് നേടാനായത്. താരത്തിന്റെ ഫോമിനെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്.

രാജസ്ഥാന് വേണ്ടി റാണ മികച്ച ഫോം നേടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ പിങ്ക് ആര്‍മി. നിര്‍ണായക മത്സരത്തിലെ അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ ഏക വിശ്വാസം. ഐ.പി.എല്ലില്‍ ഇതുവരെ 107 മത്സരങ്ങളില്‍ നിന്ന് 2636 റണ്‍സാണ് താരം നേടിയത്. 87 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 28.34 എന്ന ആവറേജും 135.4 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

 

Content Highlight: Nitish Rana In Bad Performance At Syed Mushtaq Ali Trophy