Advertisement
national news
യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം വേണ്ട; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 27, 04:49 pm
Wednesday, 27th January 2021, 10:19 pm

ദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെ.ഡി.യു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ജെ.ഡി.യു നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്.

2022ലെ യു.പി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ജെ.ഡി.യു തീരുമാനം. പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി എന്‍ഡിടിവിയോട് പറഞ്ഞു.

2017 ല്‍ ഞങ്ങള്‍ യു.പിയില്‍ മത്സരിച്ചില്ല. ഇത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചു. ബീഹാറുമായി ഏറെ അടുത്ത ബന്ധമുള്ള സംസ്ഥാനമാണ് യു.പി. നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ അവിടെ നന്നായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മത്സരരംഗത്തേക്കിറങ്ങുമെന്നും ത്യാഗി പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നത് ബീഹാറിലെ സഖ്യത്തിന് യാതൊരു പ്രശ്നവുമുണ്ടാക്കില്ലെന്നും ജെ.ഡി.യു നേതാക്കള്‍ വ്യക്തമാക്കി.

നിലവില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യമാണ് ബീഹാറില്‍ അധികാരത്തിലിരിക്കുന്നത്. ബി.ജെ.പിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെ.ഡി.യു നേതാവ് നിതീഷ് കുമാറാണ് മുഖ്യമന്ത്രി.

നവംബറിലാണ് ബീഹാറില്‍ കടുത്ത മത്സരത്തിന് ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റുകളാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചത്.

ഡിസംബറില്‍ അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചിരുന്നു. ബി.ജെ.പി മുന്നണി മര്യാദ കാണിച്ചില്ലെന്നായിരുന്നു ജെ.ഡി.യുവിന്റെ പ്രധാന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Nitish Kumar’s Party To Run Against BJP In UP