ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീമിലെ തന്റെ സ്ഥാനമെന്തെന്ന് സംശയിച്ച പലര്‍ക്കമുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ ഈ മിന്നും പ്രകടനം.
തന്റെ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യാനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചു.
രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം
(താരം – പ്രായം – വേദി എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 18 വയസും 253 ദിവസവും – സിഡ്‌നി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 18 വയസും 283 ദിവസവും – പെര്‍ത്ത്
റിഷബ് പന്ത് – 21 വയസും 91 ദിവസവും – സിഡ്‌നി
നിതീഷ് കുമാര്‍ റെഡ്ഡി – 21 വയസും 214 ദിവസവും – മെല്‍ബണ്‍*
ദത്തു പട്കര്‍ – 22 വയസും 42 ദിവസവും – അഡ്‌ലെയ്ഡ്
കെ.എല്‍. രാഹുല്‍ – 22 വയസും 263 ദിവസവും – സിഡ്‌നി
യശസ്വി ജെയ്‌സ്വാള്‍ – 22 വയസും 330 ദിവസവും – പെര്‍ത്ത്
അതേസമയം, മെല്‍ബണില്‍ വീണ്ടും മഴ രസംകൊല്ലിയായി എത്തിയിരിക്കുകയാണ്. മത്സരം മഴയെടുക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് എന് നിലയിലാണ്. 105 റണ്‍സുമായി നിതീഷും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യ 116 റണ്‍സിന് പിറകിലാണ്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 474 റണ്‍സാണ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്‌കോറിലെത്തിയത്. 197 പന്ത് നേരിട്ട താരം 140 റണ്‍സ് സ്വന്തമാക്കി.
സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.
Content Highlight: Nitish Kumar Reddy scripts history in Australia