national news
'പുതിയ ഇന്ത്യ'യുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിതീഷ് കുമാര്‍ നിര്‍ണായകമായി; ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കവെ സര്‍ക്കാരിനെ പുകഴ്ത്തി നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 13, 08:17 am
Sunday, 13th September 2020, 1:47 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുക്കവെ നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയിലും ബീഹാറിലും ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിതീഷ് കുമാര്‍ നിര്‍ണായ പങ്കാളിത്തം വഹിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ബീഹാര്‍ ഏറെ നാള്‍ അവികസിതമായി തുടരുന്ന സംസ്ഥാനമാണ്. റോഡ് കണക്റ്റവിറ്റിയോ, ഇന്റര്‍നെറ്റ് ബന്ധങ്ങളോ ഇല്ലാത്ത സമയമുണ്ടായിരുന്നു ബീഹാറില്‍. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ‘പുതിയ ഇന്ത്യ’ എന്ന ലക്ഷ്യം നിറവേറ്റുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ബീഹാര്‍ വികസന പാതയിലാണ്. ശരിയായ സര്‍ക്കാരിനും നയങ്ങള്‍ക്കുമൊപ്പം വികസനം സാധ്യമാണെന്നാണ് ബീഹാര്‍ കാണിച്ചു തരുന്നത്. എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത് നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ബീഹാറില്‍ കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസുമായും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള മഹാസഖ്യമുപേക്ഷിച്ച് 2017ലാണ് നിതീഷ് കുമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തുന്നത്.

ബീഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് നിതീഷ് കുമാറിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവീസ്, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും നദ്ദയോടൊപ്പമുണ്ടായിരുന്നു.

നിതീഷ് കുമാറിന് ലോക് ജനശക്തി പാര്‍ട്ടിയുമായും ചിരാഗ് പസ്വാനുമായുള്ള ഭിന്നതയാണ് യോഗത്തിലെ മുഖ്യചര്‍ച്ചാ വിഷയമെന്നാണ് സൂചന. എല്‍.ജെ.പി ജെ.ഡി.യുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടകളുണ്ടായിരുന്നു.

നേരത്തെ തന്നെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Nitish Kumar Played Big A Role To Meet Aim Of New India, New Bihar”: PM