Advertisement
India
ദാരിദ്ര്യ മുക്തി; 12 ല്‍ 11 സൂചികകളിലും മന്‍മോഹന്‍ കാലം തന്നെ മുന്നിലെന്ന് നീതി ആയോഗ് കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 17, 09:38 am
Wednesday, 17th January 2024, 3:08 pm

ന്യൂദല്‍ഹി: രാജ്യത്ത് ദാരിദ്ര്യത്തെ അതിജീവിച്ചവരെ സംബന്ധിച്ച് നീതി ആയോഗ് പുറത്തുവിട്ട പുതിയ കണക്കുകള്‍ യു.പി.എ ഭരണകാലം മുന്നിലെന്ന് തെളിയിക്കുന്നു.

പോഷകാഹാര ലഭ്യത, ശിശുമരണനിരക്ക്, വിദ്യാഭ്യാസം, ശുചിത്വം, വൈദ്യുതി, പാര്‍പ്പിടം, പാചക ഇന്ധനം, ബാങ്ക് അക്കൗണ്ട് എന്നീ 12 സൂചികളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കിയിരിക്കുന്നത്.

ഈ സൂചികകള്‍ അനുസരിച്ചുള്ള കണക്കുകള്‍ പത്ത് വര്‍ഷത്തെ മന്‍മോഹന്‍ സിങ് കാലമായിരുന്നു മുന്നില്‍ എന്ന് തെളിയിക്കുന്നു. 27 .1 കോടി ആളുകളാണ് ദാരിദ്ര്യത്തില്‍ നിന്ന് യു.പി.എ ഭരണകാലത്ത് കരകയറിയതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 12 സൂചികകളില്‍ ബാങ്ക് അക്കൗണ്ട് ഒഴികെ മറ്റെല്ലാ സൂചികയിലും മുന്നില്‍ നില്‍ക്കുന്നത് മന്‍മോഹന്‍ സിങ് കാലമാണ്.

മന്‍മോഹന്‍ സിങ് അധികാരത്തില്‍ വരുമ്പോള്‍ 57 .47 ശതമാനം ആയിരുന്ന പോഷകാഹാരക്കുറവ് പത്ത് വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തോളമാണ് കുറഞ്ഞത്. എന്നാല്‍ മോദിക്കാലത്ത് 5 ശതമാനമാണ് താഴ്ന്നത്. മാതൃആരോഗ്യം 10 ശതമാനത്തോളം യു.പി.എ കാലത്ത് കുറഞ്ഞപ്പോള്‍ 3 .41 മാത്രമാണ് ബി.ജെ.പി യുടെ ഭരണക്കാലത്ത് കുറഞ്ഞിരിക്കുന്നത്.

പാചകവാതകത്തില്‍ 15 ശതമാനമാനത്തില്‍ എന്നതിന് വലിയ വ്യത്യാസമില്ല. വൈദ്യുതി 20 ശതമാനത്തോളം കുറഞ്ഞത് പിന്നീട് 8 .89 ശതമാനം മാത്രമാണ് കുറഞ്ഞത്. മറ്റെല്ലാ സൂചകങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, തൊഴിലുറപ്പ് നിയമം,2009 ലെ വിദ്യാഭ്യാസ നിയമം രാജീവ് ആവാസ് യോജന,ഭക്ഷ്യ സുരക്ഷ നിയമം എന്നീ പദ്ധതികളിലൂടെയാണ് യു.പി.ഇഎ സര്‍ക്കാര്‍ ദാരിദ്ര്യ രേഖ സൂചികയില്‍ മുന്നേറ്റം കൈവരിച്ചത്. ബാങ്ക് അക്കൗണ്ടുകളുടെ കാര്യം മാത്രമാണ് ഇതിന് അപവാദം. 58 ശതമാനത്തില്‍ നിന്ന് മൂന്നിലേക്ക് മോദി ഭരണകാലത്ത് എത്തി. എന്‍.ഡി.എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്.

പരമ്പരാഗതമായി ദാരിദ്ര്യത്തെ നിര്‍വചിക്കാറുള്ളത് വ്യക്തിയുടെയോ അല്ലെങ്കില്‍ കുടുംബത്തിന്റെയോ സാമ്പത്തികവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ഇതിന് പുറമെ ബഹുമുഖ ദാരിദ്ര്യം സൂചിക (എം.പി.ഐ) കൂടി അവലംബിക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കാറുള്ള സൂചകങ്ങള്‍ക്ക് പുറമെ മാതൃആരോഗ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രണ്ട് സൂചകങ്ങള്‍ കൂടെ നീതി ആയോഗ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.