Entertainment
ഇന്നത്തെ കാലത്ത് ആ ഒരു കാര്യം കൂടി ചെയ്യാന്‍ അറിഞ്ഞാല്‍ മാത്രം സംവിധായകനായാല്‍ മതിയെന്നാണ് അച്ഛന്‍ പറഞ്ഞത്: നിതിന്‍ രഞ്ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 26, 02:35 am
Friday, 26th July 2024, 8:05 am

സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കറിന്റെ മകനാണ് നിതിന്‍ രഞ്ജി പണിക്കര്‍. സഹസംവിധായകനയി കരിയര്‍ തുടങ്ങിയ നിതിന്‍ മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. സുരേഷ് ഗോപിയെ നായകനാക്കി 2021ല്‍ പുറത്തിറങ്ങിയ കാവലിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സംവിധായകനാകണമെന്ന മോഹം വന്നപ്പോള്‍ അച്ഛന്‍ തനിക്ക് തന്ന ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് നിതിന്‍. എഴുതാന്‍ കഴിയുമെങ്കില്‍ മാത്രം സംവിധായകനായാല്‍ മതിയെന്നും ഇനിയുള്ള കാലം എഴുതാന്‍ കഴിവുള്ള സംവിധായകര്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുള്ളൂ എന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് നിതിന്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ എഴുതിയ അത്ര തീവ്രതയോടെ സ്‌ക്രിപ്റ്റ് എഴുതാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും എങ്കിലും തനിക്ക് കഴിയുന്നത് പോലെ എഴുതാന്‍ ശ്രമിക്കുമെന്നും നിതിന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്നെ ചുറ്റും സിനിമയായിരുന്നുവെന്നും തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ഫയര്‍ബ്രാന്‍ഡ് സിനിമകളുടെ എഴുത്തെല്ലാം നേരിട്ട് കണ്ടിരുന്നുവെന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വെബ് സീരീസായ നാഗേന്ദ്രന്‍സ് ഹണിമൂണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിതിന്‍ ഇക്കാര്യം പറഞ്ഞത്.

‘സംവിധായകനാകണമെന്ന മോഹം വന്നപ്പോള്‍ അച്ഛന്‍ എനിക്ക് ഒരൊറ്റ ഉപദേശം മാത്രമേ തന്നുള്ളൂ. ‘എഴുതാന്‍ കഴിയുമെങ്കില്‍ മാത്രം നീ സംവിധായകനായാല്‍ മതി’ എന്നാണ് അച്ഛന്‍ പറഞ്ഞത്. കാരണം, ഇനിയുള്ള കാലം സംവിധാനം മാത്രം അറിഞ്ഞുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നാണ് അച്ഛന്‍ അതിന് തന്ന വിശദീകരണം.

എന്നെക്കൊണ്ട് പറ്റുന്ന പോലെയേ എഴുതാന്‍ പറ്റുള്ളൂ. അച്ഛന്‍ എഴുതിയ പോലെ ആ തീവ്രതയില്‍ എഴുതാന്‍ എനിക്കൊരിക്കലും പറ്റില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. അച്ഛന്റെ ഫയര്‍ബ്രാന്‍ഡ് സിനിമകളുടെ പ്രോസസ്സൊക്കെ കുട്ടിക്കാലത്ത് നേരിട്ട് കണ്ടിട്ടുണ്ട്. തൊണ്ണൂറുകളിലാണ് അച്ഛന് കിങ്ങും കമ്മീഷണറുമൊക്കെ എഴുതുന്നത്. ആ സമയത്ത് ഞാന്‍ കുട്ടിയായിരുന്നു. കുട്ടിക്കാലം മുഴുവന്‍ ചുറ്റിലും സിനിമയായിരുന്നു,’ നിതിന്‍ പറഞ്ഞു.

Content Highlight: Nithin Renji Panicker about the advice he got from Renji Panicker