സൗബിന്‍ ഷാഹിര്‍ നായകനായ ജിന്ന് കഴിഞ്ഞ ഡിസംബര്‍ 30നാണ് റിലീസ് ചെയ്തത്. സൗബിന്‍ ഡബിള്‍ റോളിലെത്തിയ ചിത്രം വ്യത്യസ്ത സാഹചര്യങ്ങളില്‍ നില്‍ക്കുന്ന രണ്ട് പേരെ ഒന്നിപ്പിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് കാണിച്ചുതരുന്നതായിരുന്നു. മാജിക്കല്‍ റിയലിസവും മിത്തുമൊക്കെ കൂടിക്കലര്‍ന്ന ലാലപ്പന്റെയും, കള്ളക്കടത്തും അധോലോകവും ചുറ്റിത്തിരിയുന്ന അനീസിന്റെയും ഒത്തുചേരലാണ് ജിന്നില്‍ പ്രേക്ഷകര്‍ കണ്ടത്.
Spoiler Alert
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നിഷാന്ത് സാഗറും എത്തിയിരുന്നു. കള്ളക്കടത്തുകാരനായ അനീസിന്റെ മൂത്ത സഹോദരനായ അമ്പൂക്കയായാണ് നിഷാന്ത് ചിത്രത്തിലെത്തിയത്. ചിത്രത്തിലെ ഒരു മികച്ച കഥാപാത്ര സൃഷ്ടിയായിരുന്നു അമ്പൂക്ക. പ്രേക്ഷകനോട് വളരെ നന്നായി കണക്ട് ചെയ്യാന്‍ ഈ കഥാപാത്രത്തിനായിരുന്നു. അനീസിന്റെ വഴി വിട്ട പോക്കില്‍ വിഷമിക്കുന്ന അവന്‍ നേര്‍വഴിക്ക് വരുന്നു എന്നറിയുമ്പോള്‍ അതില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരു കഥാപാത്രമാണ് അമ്പൂക്ക. എന്നാല്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന് അറിയുമ്പോള്‍ അദ്ദേഹം എത്തിപ്പെടുന്ന ഒരു നിസഹായവസ്ഥ ഉണ്ട്.
ഒരു തെറ്റിദ്ധാരണയുടെ പുറത്താണെങ്കിലും തന്നോട് ചേര്‍ന്നിട്ട് അകന്നുപോകുന്ന ലാലപ്പനെ അദ്ദേഹം നിറകണ്ണുകളോടെ നോക്കുമ്പോള്‍ അറിയാതെ പ്രേക്ഷകരുടെ കണ്ണും നിറയും.
അമ്പൂക്കയായി നിഷാന്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മലയാള സിനിമാ ലോകത്ത് വന്നിട്ട് ദീര്‍ഘ നാളുകളായെങ്കിലും വളരെ കുറച്ച് കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുക. അതില്‍ തന്നെ അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും അമ്പൂക്ക. വരുന്ന രംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അപാര സ്‌ക്രീന്‍ പ്രസന്‍സും ശ്രദ്ധേയമായിരുന്നു.
നിഷാന്ത് സാഗറിന്റെ കഥാപാത്രം മികച്ചതാണെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ ജിന്ന് വിജയിച്ചോ എന്ന് സംശയിക്കേണ്ടി വരും. സിനിമയുടെ തുടക്കത്തില്‍ ഒരു വൗ ഫാക്ടര്‍ ലഭിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അത് മുഴുവന്‍ പൊയ്‌പ്പോവുന്നുണ്ട്. ലാലപ്പന്റെ പ്ലോട്ട് പുതുമ സമ്മാനിക്കുന്നതാണെങ്കില്‍ അനീസിന്റേത് മലയാളത്തിലും മറ്റ് ഇന്‍ഡസ്ട്രികളിലുമെല്ലാം പറഞ്ഞുപഴകിയ കഥയാണ്. ചില സ്ഥലങ്ങളില്‍ അത് ഇന്‍ട്രസ്റ്റിങ് ആയി വരുന്നുണ്ടെങ്കിലും ഒടുവില്‍ ഒന്നുമല്ലാത്ത നിലയില്‍ അവസാനിക്കുകയാണ്.
Content Highlight: nishanth sagar perfomance in djinnu