സിനിമ-സീരിയല്‍ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിഷ സാരംഗ്. മുന്‍ കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ രംഗത്തെ പീഡനങ്ങള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും എതിരെ പ്രതികരിക്കുന്നവര്‍ക്ക് ചെവി കൊടുക്കാന്‍ കേരള സമൂഹം ഇന്ന് തയ്യാറാകുന്നുണ്ട്.
ഇക്കിളിപ്പെടുത്തുന്ന സെന്‍സേഷണല്‍ വാര്‍ത്ത എന്നതിനപ്പുറം മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഗൗരവമായ വിഷയങ്ങളാണ് ഇവ ഒരോന്നുമെന്ന് ചെറുതായെങ്കിലും മലയാളി മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷ സാരംഗ് സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. താന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന “ഉപ്പും മുളകും” സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയുള്ള പീഡനത്തിനെതിരെ പരാതിപ്പെട്ടതില്‍ തന്നോട് പക പോക്കുകയാണെന്നുമുള്ള ആരോപണവുമായാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ രംഗത്തെത്തിയത്.
നേരത്തെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയിലെ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ച് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. പാര്‍വ്വതിയും പത്മപ്രിയയും റിമ കല്ലിങ്കലും സജിതാ മഠത്തിലും രേവതിയും മാലാ പാര്‍വ്വതിയും തുടങ്ങി നിരവധിയാളുകളാണ് തൊഴില്‍ ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ട് വന്നത്. “മലയാള സിനിമയില്‍ “കാസ്റ്റിങ്ങ് കൗച്ച്” ഉണ്ട്, അത് പറയുന്നത് അത്ര ആശ്ചര്യകരമല്ല. നമ്മള്‍ അതു കേട്ട് ഞെട്ടേണ്ട ആവശ്യം പോലുമില്ല. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമൊന്നുമില്ല” എന്നായിരുന്നു നടി പാര്‍വ്വതി പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാത്ത താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സി എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും അവള്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അത് തുറന്ന് പറയുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കുകയായിരുന്നു. നീതി കിട്ടുംവരെ പോരാടുമെന്നും സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയും തൊഴില്‍ പീഡനത്തിനെതിരെയും ശക്തമായി പ്രതികരിക്കുമെന്നുമുള്ള പ്രഖ്യാപനം തങ്ങള്‍ക്ക് നേരിടുന്ന ദുരനുഭവം പൊതുസമൂഹത്തോടും സ്റ്റേറ്റിനോടും തുറന്ന് പറയാന്‍ കൂടുതല്‍ പേര്‍ക്ക് ഊര്‍ജ്ജം പകരുകയായിരുന്നു.
ഇങ്ങിനെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയവര്‍ക്കെല്ലാം നേരെ വലിയ പ്രതിഷേധമായിരുന്നു തുടക്കത്തില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നത്. അശ്ലീലത നിറഞ്ഞ ട്രോളുകളും തെറിവിളികള്‍ക്കൊണ്ടുമായിരുന്നു മലയാളിയുടെ ആണത്തമേല്‍ക്കോയ്മ ഇവരുടെ പോരാട്ടവീര്യത്തിന് തടയിടാന്‍ ശ്രമിച്ചത്. വെര്‍ബല്‍ റേപ്പ് നടത്തിയിട്ടും ജീവനുവരെ ഭീഷണികളുയര്‍ന്നിട്ടും നിലപാടുകളില്‍ ഉറച്ചുനിന്ന സ്ത്രീശബ്ദങ്ങളെ പതിയെ കേരളം അംഗീകരിക്കാന്‍ തുടങ്ങുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
കൊട്ടിഘോഷിക്കപ്പെട്ട പല മലയാള സിനിമകളിലെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുറന്നു കാണിച്ച പാര്‍വതിയ്ക്കും മറ്റു നടിമാര്‍ക്കുമെതിരെ സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് കൂട്ടം ആക്രമണവുമായി രംഗത്തുവന്നെങ്കിലും യഥാര്‍ത്ഥ്യം മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു ചെറിയ കൂട്ടമുണ്ടായിരുന്നു.
മലയാള സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിനെതിരെയും സ്ത്രീ വിവേചനത്തിനെതിരെയും റിമ കല്ലിങ്കല്‍ തുറന്നടിച്ചപ്പോഴും അവര്‍ക്കു നേരെയും അവര്‍ ഭാഗമായ സിനിമയ്‌ക്കെതിരെയും കടുത്ത തെറിവിളികളും അശ്ലീല ട്രോളുകളുമുണ്ടായിരുന്നു. വില കുറഞ്ഞ വറുത്ത മീന്‍ ട്രോള്‍ കമന്റുകളും വീഡീയോകളും കൊണ്ട് വ്യക്തിപരമായ ആക്രമണങ്ങള്‍ക്കു കച്ചകെട്ടിയിറങ്ങിയ ഇവരെ പ്രതിരോധിക്കാന്‍ അന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.
പിന്നീടങ്ങോട്ടുണ്ടായ ഓരോ പ്രതിഷേധ സ്വരങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നു. ഡബ്ല്യു.സി.സിയ്ക്കു ലഭിച്ച അംഗീകാരവും ഫെമിനിച്ചി സ്പീക്കിംഗ് തുടങ്ങിയ ഫേസ്ബുക്ക് പേജുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചതും ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ചില മഞ്ഞപ്പത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരം വിഷയങ്ങളില്‍ പ്രതീക്ഷാവഹമായ പിന്തുണയുണ്ടായിരുന്നു. സെന്‍ഷേണല്‍ വാര്‍ത്ത എന്നതിനപ്പുറം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് മനസ്സിലാക്കികൊണ്ടുള്ള സമീപനം സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട്. കുറ്റാരോപിതനായ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ചിറങ്ങിപ്പോയ നടിമാര്‍ക്ക് #MediaWithTheSurvivor എന്ന ഹാഷ്ടാഗില്‍ പിന്തുണയുമായി വിവിധ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരുന്നു.
സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് വളരെ മോശമായാണ് പെരുമാറുന്നതെന്നതടക്കമുള്ള ഗുരുതര വെളിപ്പെടുത്തലാണ് നിഷ സംവിധായകനെതിരെ കഴിഞ്ഞ ദവസം ഉന്നയിച്ചത്. തനിക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഉപദ്രവം നിര്‍ത്തിയില്ലെന്നും പിന്നെ തെറി വിളിക്കാന്‍ തുടങ്ങിയെന്നും നിഷ പറയുന്നു. തന്റെ കുടുംബം മുന്നോട്ട് പോകാന്‍ അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താന്‍ പോയാല്‍ അത് സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചാനലിനും നഷ്ടമുണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിച്ച് നിന്നത്. ശ്രീകണ്ഠന്‍ നായര്‍ക്ക് പരാതി നല്‍കിയതിന് ശേഷം ഒരു സ്ത്രീയെ ഏതൊക്കെ തരത്തില്‍ വേദനിപ്പിക്കാമോ അത്തരത്തില്‍ എല്ലാം വേദനിപ്പിച്ചു. ചാനല്‍ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് നിഷ പറഞ്ഞത്.
പ്രേക്ഷകരുടെ ഇടയില്‍ ഏറെ സ്വീകാര്യമായ ഉപ്പും മുളകും പരിപാടിയിലെ തൊഴില്‍ പീഡനം പുറം ലോകമറിഞ്ഞതോടെ ചാനലിനെതിരെയും സംവിധായകനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നിഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയും മാലാ പാര്‍വ്വതി, ശാരദകുട്ടി തുടങ്ങിയ ആക്ടിവിസ്റ്റുകളും ഡബ്ല്യു.സി.സിയും പിന്തുണ പ്രഖ്യാപിച്ച് കടന്നു വന്നു.
അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്നും തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്നും നിഷയ്ക്കു പൂര്‍ണ്ണ പിന്തുണയറിയിച്ചുകൊണ്ട് ശാരദക്കുട്ടി പറഞ്ഞു.
സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി മാറാറുണ്ടെന്നും പിന്നെ അവരെ മാനസികമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കുകയാണവര്‍ ചെയ്യുന്നതെന്നുമായിരുന്നു വിഷയത്തില്‍ മാലാ പാര്‍വ്വതിയുടെ പ്രതികരണം. നിഷ മികച്ച കലാകാരിയാണെന്നും അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് എല്ലാവരുടെയും പിന്തുണയും ധൈര്യവുമാണെന്നും മാലാ പാര്‍വ്വതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിഷ ഉന്നയിച്ച കാര്യങ്ങള്‍ സീരിയല്‍ രംഗത്തെ പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ഡബ്ല്യു.സി.സി നിലപാട് വ്യക്തമാക്കിയത്. തൊഴില്‍രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്വമേധയ കേസെടുക്കാന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
ഒടുവില്‍ നിഷ സാരംഗ് ഉപ്പും മുളകും സീരിയലില്‍ തുടരുമെന്ന് വ്യക്തമാക്കി ചാനലും രംഗത്തെത്തി. നിഷ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായ സംവിധായകനെ മാറ്റണമെന്നതിന് കൃത്യമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല. സംവിധായകനെ മാറ്റുമെന്ന് ചാനല്‍ അധികൃതര്‍ വാക്കാല്‍ അറിയിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.
നിഷാ സാരംഗിനെ തിരികെ ഉപ്പും മുളകും സീരിയലില്‍ എടുത്താല്‍ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇതെന്നാണ് ശാരദകുട്ടി പറയുന്നത്. ആരോപണ വിധേയനായ സംവിധായകനെ ആ പ്രത്യേക സീരിയലില്‍ നിന്നു പുറത്താക്കിയാലും ആ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒത്തു തീര്‍പ്പു ചര്‍ച്ച തത്കാലം മുഖം രക്ഷിക്കാന്‍ ഉള്ള നടപടി മാത്രമെന്നും പിന്നാലെ വരുന്ന സംഭവങ്ങള്‍ നിഷക്ക് അനുകൂലമാകാനിടയില്ലെന്നും സംവിധായകന് അനുകൂലമായിരിക്കുമെന്നും അനുമാനിക്കാനേ സമീപപൂര്‍വ്വകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ പറയാനാകൂ. ചാനല്‍ മുതലാളിയെയും സംവിധായകനെയും പൊതുജനമധ്യത്തില്‍ “വിചാരണ”ക്ക് അവസരമുണ്ടാക്കിയവള്‍ എന്ന നിലയില്‍ കലാരംഗത്തെ ആ സ്ത്രീയുടെ നിലനില്‍പ്പ് ദുഷ്‌കരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വ്രണിത പൗരുഷമെന്നത് എന്തെന്ന് അധികാരികള്‍ കാണിച്ചു തരാതിരിക്കുമെന്നു തോന്നുന്നുണ്ടോ? എ്ന്നും ശാരദകുട്ടി ചോദിക്കുന്നു.
ജനാധിപത്യ ക്രമത്തില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെയല്ല പരിഹരിക്കപ്പെടേണ്ടത്. നിയമ പുസ്തകത്തില്‍ കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. അതു നടപ്പാക്കാന്‍ പോലീസും നടപ്പാക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്. ഇനിയും ആ മേഖലയില്‍ പെണ്‍കുട്ടികളുണ്ട്. അവര്‍ കരഞ്ഞും വിളിച്ചും വന്ന് പുറത്തു പറയുന്നതിനു മുന്‍പ്, അവരുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കണം. ശാരദകുട്ടി ഫേസ്ബുക്കിലിട്ട കുറപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു.