2014 മുതല്‍ മുസ്‌ലിം ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടോ? ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ജീവിത നിലവാരം പാകിസ്ഥാനേക്കാള്‍ ഉയര്‍ന്നത്: നിര്‍മല സീതാരാമന്‍
national news
2014 മുതല്‍ മുസ്‌ലിം ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടോ? ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ജീവിത നിലവാരം പാകിസ്ഥാനേക്കാള്‍ ഉയര്‍ന്നത്: നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2023, 11:15 am

വാഷിങ്ടണ്‍: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ അക്രമിക്കപ്പെടുന്നുണ്ടെന്ന ആരോപണം മാധ്യമ സൃഷ്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പാകിസ്ഥാനിലെ മുസ്‌ലിങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്നും മനപൂര്‍വ്വം രാജ്യത്തെ താറടിച്ച് കാണിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

1947 മുതല്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. യു.എസിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ എകണോമിക്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

ഇന്ത്യയിലെ ന്യൂനപക്ഷ ആക്രമണങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. 2014 മുതല്‍ ഇന്നുവരെ മുസ്‌ലിം ജനസംഖ്യയില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടായിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു.

കൂട്ടത്തില്‍ ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തെയും ക്രമ സമാധാന നില സംരക്ഷിക്കുന്നത് അതത് സംസ്ഥാനങ്ങളാണെന്നും അതുകൊണ്ട് തന്നെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നും അവര്‍ പറഞ്ഞു.

‘ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1947 ലുണ്ടായിരുന്നതിനേക്കാള്‍ മുസ്‌ലിങ്ങള്‍ എണ്ണത്തില്‍ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്താണ് പാകിസ്ഥാനിലെ അവസ്ഥ. രണ്ട് രാജ്യങ്ങളും ഒരേ സമയത്ത് രൂപീകരിച്ചതാണ്. പക്ഷെ അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

അവിടെ മുസ്‌ലിങ്ങള്‍ തന്നെ അക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. സുന്നികളല്ലാത്ത മറ്റുവിഭാഗങ്ങള്‍ എല്ലാം തന്നെ അവിടെ അക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ അവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നു. അവര്‍ക്ക് സര്‍ക്കാര്‍ വക സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നു.

ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും ക്രമസമാധാന പാലനം നടത്തുന്നത് അതാത് സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ്. അവിടെ മുസ്‌ലിങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ മാത്രം കുറ്റമല്ല. മറ്റൊരു കാര്യം കൂടി ഞാന്‍ ചോദിക്കട്ടെ.

2014 മുതല്‍ ഇന്നുവരെ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടോ? ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തില്‍ മരണസംഖ്യ കൂടിയിട്ടുണ്ടോ? പിന്നെയെങ്ങനെയാണ് മുസ്‌ലിങ്ങള്‍ അക്രമിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാവുക,’ നിര്‍മല സീതാരാമന്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: nirmala sitharaman says about muslim population