ന്യൂദല്‍ഹി: കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് സീമാ കുശ്‌വാഹ.
2012 ഡിസംബര്‍ 16 ന് രാത്രി ദല്‍ഹിയിലെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി കേസ് വാദിച്ചത് സീമാകുശ് വാഹയായിരുന്നു.
അതേസമയം, ഹാത്രാസ് പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കാം എന്ന വിവരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ടറിയിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും യു.പി പൊലീസ് ഇവരെ തടഞ്ഞു.
താന്‍ അവരുടെ നിയമോപദേശകയായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ കുടുംബം തന്നെ ഹാത്രാസിലേക്ക് വിളിച്ചിരുന്നെന്നും എന്നാല്‍ ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പറഞ്ഞ് ഭരണകൂടം അവരെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും അഭിഭാഷക സീമ കുശ്‌വാഹ പറഞ്ഞു.
ദല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.
പ്രതികളായ മുകേഷ് സിങ് , പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവരെ മാര്‍ച്ചില്‍ തൂക്കിലേറ്റിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക