എറണാകുളത്ത് യുവാവിന് നിപ ബാധയുണ്ടെന്ന സംശയം; പരിശോധനാ ഫലം ഉച്ചയോടെ
Kerala News
എറണാകുളത്ത് യുവാവിന് നിപ ബാധയുണ്ടെന്ന സംശയം; പരിശോധനാ ഫലം ഉച്ചയോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 8:20 am

കൊച്ചി: എറണാകുളത്ത് പനിബാധിച്ച യുവാവിന്റെ പരിശോധനാ ഫലം ഉച്ചയോടെ ലഭ്യമാകും. യുവാവ് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന് നിപയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചത്.

ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാംപിള്‍ പരിശോധനക്കായി അയച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.

പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവാവിന് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടാലും രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.

എറണാകുളത്ത് നിപ സ്ഥിരീകരിച്ചു എന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.

നേരത്തെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞിരുന്നു. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണനടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞിരുന്നു.

പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണെന്നു കളക്ടര്‍ അറിയിച്ചിരുന്നു.