യുവാവിന് രോഗബാധ മസ്തിഷ്‌ക്കത്തില്‍; വായുവിലൂടെ പടരുമെന്ന ഭയം വേണ്ടെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: നിപാ സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് മസ്തിഷ്‌ക്കത്തിലാണെന്ന് ഡോക്ടര്‍മാര്‍.
രോഗി അപകടകരമായ അവസ്ഥയിലല്ലെന്നും വിദ്യാര്‍ത്ഥിയുടെ ശ്വാസകോശത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ രോഗം വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കോഴിക്കോട് ആദ്യമായി രോഗബാധ ഉണ്ടായ സാബിത്തിനും മറ്റ് രോഗികളുടേയും ശ്വാസകോശത്തെയായിരുന്നു വൈറസ് ബാധിച്ചത്. അതുകൊണ്ട് തന്നെ വായുവിലൂടെ രോഗം പെട്ടെന്ന് പടരുകയുണ്ടായി. എന്നാല്‍ കൊച്ചിയില്‍ പനി ബാധിച്ച യുവാവിന് അത്തരം പ്രശ്‌നങ്ങളില്ല. മാത്രമല്ല യുവാവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്കുപോലും ഇതുവരെ പനിയോ മറ്റ് അസുഖങ്ങളോ വന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ ആറ് പേര്‍ക്കും വൈറസ് ബാധിക്കാള്‍ സാധ്യതയില്ലെന്നും വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നതെന്നും തൃശൂര്‍ ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.
യുവാവ് താമസിച്ചിരുന്ന പ്രദേശം നിരീക്ഷിച്ചു. ഇതുവരെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപാ ബാധയുണ്ടെന്ന് സംശയിക്കുന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ കെ.ജെ റീന പറഞ്ഞിരുന്നു.
പനി ബാധിച്ചിരിക്കെ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്.
തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. 50 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.