നിപ: 43 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകൾ, നിയന്ത്രണങ്ങൾ ഇങ്ങനെ
കോഴിക്കോട്: പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോഴിക്കോട് നിപ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ആയഞ്ചേരി, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, തിരുവള്ളൂർ, വില്യപ്പള്ളി, കാവിലും പാറ എന്നീ പഞ്ചായത്തുകളിലെ വാർഡുകളാണ് ജില്ലാ കളക്ടർ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. വാർഡുകളിൽ കർശനമായ ബാരിക്കേഡിങ് നടത്തണമെന്ന് പൊലീസിനും തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാർക്കും കളക്ടർ എ. ഗീത നിർദേശം നൽകി.
വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണമെന്നും. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല എന്നും കളക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നിർദ്ദേശങ്ങൾ നൽകേണ്ടതാണ് എന്നും കളക്ടർ അറിയിച്ചു.
കണ്ടെയിൻമെന്റ് പരിധിയിലുള്ള വാർഡുകളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങൾ മാത്രമേ തുറക്കുകയുള്ളൂ. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയായിരിക്കും പ്രവർത്തന സമയം. മരുന്ന് ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധി ഉണ്ടാകില്ല.
ബാങ്കുകൾ, സ്കൂളുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവർത്തിപ്പിക്കാൻ പാടില്ല. വില്ലേജ് ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും. അതേസമയം പൊതുജനങ്ങൾ പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും കളക്ടർ അറിയിച്ചു.
കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ-
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ,
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻ
Content Highlight: Nipah virus: 43 wards under containment zone