കോഴിക്കോട്: നിപ രോഗികളുടെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലീനിങ് അടക്കമുള്ള ജോലികള്‍ക്കെത്തിയ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പിപികിറ്റ് ധരിക്കുന്നതിനെക്കുറിച്ചുപോലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. രോഗത്തിന്റെ ഭീകരതയെക്കുറിച്ചോ രോഗിയോട് ഇടപഴകേണ്ട രീതിയെക്കുറിച്ചോ ആരും പറഞ്ഞു തന്നിരുന്നില്ലെന്ന് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത രാജേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് രോഗവും ആശങ്കയും പടര്‍ത്തിയത്. രോഗത്തിന്റെ തീവ്രത മനസിലാക്കിയതോടെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍നിന്നും പിന്‍വാങ്ങി ലീവിലും മറ്റുമായി പോയി. ഇതോടെ രോഗികളെ പരിചരിക്കാനും ഐസൊലേഷന്‍ വാര്‍ഡ് വൃത്തിയാക്കാനും മറ്റും ആളില്ലാത്ത അവസ്ഥയായി. തുടര്‍ന്നാണ് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോളെജ് താല്‍ക്കാലിക ജീവനക്കാരെ ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയത്. ഈ പരസ്യം കണ്ട് ജോലിക്കെത്തിയതാണ് രാജേഷ് അടക്കമുള്ളവര്‍. ക്ലീനിങ് തൊഴിലാളികളും നേഴ്‌സിങ് സ്റ്റാഫും സഹായികളുമായി 47 പേരാണ് അന്ന് ജോലിക്കെത്തിയത്.
എന്നാല്‍ തൊഴിലാളികള്‍ക്കുവേണ്ട യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നില്ല. ‘2018 മെയ് 23നാണ് എന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് വിട്ടത്. പക്ഷേ, അവിടെ എന്ത് ചെയ്യണം?, രോഗത്തിന്റെ തീവ്രത എന്താണ്? എങ്ങനെ നേരിടണം എന്നൊന്നുമുള്ള ഒരു നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിരുന്നില്ല’, സംഭവത്തെക്കുറിച്ച് രാജേഷ് പറയുന്നതിങ്ങനെ.
‘ഞാനാണ് ആദ്യം ഐസൊലേഷന്‍ വാര്‍ഡിലേക്ക് പോവുന്നത്. പിപികിറ്റ് എങ്ങനെയാണ് ധരിക്കേണ്ടത് എന്നുപോലും ആരും പറഞ്ഞില്ല. രോഗിയുടെ അടുത്ത് എങ്ങനെ നില്‍ക്കണം, എങ്ങനെ ക്ലീന്‍ ചെയ്യണം എന്ന ക്ലാസുകളോ നിര്‍ദ്ദേശങ്ങളോ ലഭിച്ചില്ല. അവിടെ ഞാന്‍ എനിക്ക് തോന്നിയ രീതിയിലാണ് ചെയ്തത്. ആശുപത്രികളില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നതുകൊണ്ട് എങ്ങനെയൊക്കെയാണ് വൃത്തിയാക്കേണ്ടതെന്ന് ഏകദേശം അറിയാമായിരുന്നു. അങ്ങനെ ഓരോന്ന് ചെയ്തു. ഭിത്തി വരെ ഞങ്ങള്‍ വൃത്തിയാക്കി. ഇതൊന്നും ആരും പറഞ്ഞുതന്നിട്ടില്ല. രോഗിയുമായി അടുത്ത് ഇടപഴകുമ്പോഴുണ്ടായേക്കാവുന്ന ഭീകരതയെക്കുറിച്ചും ആരും പറഞ്ഞു തന്നില്ല. പത്രത്തില്‍ വന്ന വാര്‍ത്തകളില്‍നിന്ന് നിപയുടെ ഭീകരതയെക്കുറിച്ച് വായിച്ചുള്ള അറിവുണ്ട്. രോഗം വന്നാല്‍ മരിക്കുമെന്ന് മാത്രം എനിക്കറിയാം’, രാജേഷ് കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര ആശുപത്രിയില്‍ നിപ രോഗിയെ ചികിത്സിച്ച നേഴ്‌സ് ലിനിയുടെ മരണശേഷമായിരുന്നു ഇതെന്നത് അധികൃതരുടെ ഗുരുതര അനാസ്ഥയുടെ വ്യാപ്തി കൂട്ടുന്നു.
പിപികിറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് തെറ്റായ വിവരമാണ് അധികൃതരില്‍ പലരും പറഞ്ഞതെന്ന് അന്ന് ക്ലീനിങിനെത്തിയ ഷിനി പറയുന്നു. ‘പിപികിറ്റ് വിലകൂടിയതാണെന്നും അതുകൊണ്ട് ഒരേ പിപികിറ്റ് വീണ്ടും ഉപയോഗിക്കണമെന്നായിരുന്നു ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നത്. ഞങ്ങള്‍ ഇട്ട പിപികിറ്റ് അഴിച്ചുവച്ച് ഭക്ഷണം കഴിക്കും. ശേഷം അതേ പിപികിറ്റ് തന്നെ ധരിക്കും. ഇത് കണ്ട ഒരു മുതിര്‍ന്ന നേഴ്‌സ് ഇങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് അതുപോലും ഞങ്ങള്‍ക്ക് മനസിലായത്. നിപ വൈറസ് ഭീകരമാണെന്നും രോഗികളുമായി ഇടപെട്ട ശേഷം ആ വസ്ത്രം പോലും പിന്നീട് ധരിക്കരുതെന്നും പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ആശുപത്രിയിലെ സ്റ്റാഫുകള്‍ക്കുപോലും ഇത് അറിയുമായിരുന്നില്ല,’ ഷിനി പറയുന്നു.
സ്ഥിര ജീവനക്കാര്‍ ജോലിയില്‍നിന്നും വിട്ടുനിന്ന സമയത്ത് മറ്റൊന്നും നോക്കാതെ ജോലിചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട താല്‍ക്കാലിക ജീവനക്കാരാണിവര്‍. രോഗിക്കുവേണ്ടി ഉപയോഗിച്ച മരുന്ന്, വസ്ത്രം, മറ്റ് അവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ തുടങ്ങിയവയുടെ സംസ്‌കരണവും ക്ലീനിങ് ജോലികളുമെല്ലാം ചെയ്തത് ഇവരായിരുന്നു. അതായത്, അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം പിടിപെടാന്‍ ഏറ്റവുമധികം സാഹചര്യമുള്ള അവസ്ഥയില്‍ ജോലിചെയ്തവര്‍. ഈ സാഹചര്യത്തില്‍ ജോലി ചെയ്ത തങ്ങളുടെ ജീവന് യാതൊരു വിലയും അധികൃതര്‍ കല്‍പിച്ചിരുന്നില്ലേ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേസമയം, ആശുപത്രി അധികൃതര്‍ക്കും നേഴ്‌സുമാര്‍ക്കും വിദഗ്ധ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.