കുട്ടി വീടിന് സമീപത്തെ റമ്പൂട്ടാന്‍ കഴിച്ചിരുന്നു, വവ്വാലുകള്‍ എത്തുന്ന സ്ഥലമാണോയെന്ന് പരിശോധിക്കും; കേന്ദ്രസംഘം 12 വയസുകാരന്റെ വീട് സന്ദര്‍ശിച്ചു
Kerala News
കുട്ടി വീടിന് സമീപത്തെ റമ്പൂട്ടാന്‍ കഴിച്ചിരുന്നു, വവ്വാലുകള്‍ എത്തുന്ന സ്ഥലമാണോയെന്ന് പരിശോധിക്കും; കേന്ദ്രസംഘം 12 വയസുകാരന്റെ വീട് സന്ദര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th September 2021, 5:01 pm

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ വീട് കേന്ദ്ര സംഘം സന്ദര്‍ശിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്.

വീടിന് സമീപത്തെ റമ്പൂട്ടാന്‍ കുട്ടി കഴിച്ചിരുന്നെന്ന് കുടുംബം വിദഗ്ധസംഘത്തെ അറിയിച്ചിട്ടുണ്ട്. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് സംഘം പരിശോധിക്കും.

ചാത്തമംഗലം പഞ്ചായത്തിലെ 9ാം വാര്‍ഡിലാണ് കുട്ടിയുടെ വീട്. ഇതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

സമീപ പ്രദേശങ്ങളിലും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിക്കുന്നത്. കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു

വെെറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു.

പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 188 പേരാണുള്ളത്. 188 പേരില്‍ 100 പേര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍കത്തകരുമാണ്.

സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പ്രതിരോധം, ചികിത്സ എന്നിവക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 0495 238500, 238200 എന്നീ നമ്പറുകളില്‍ നിപ കോള്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് പരിശോധനക്കുള്ള സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു.

ആദ്യഘട്ട പരിശോധനക്കുള്ള സംവിധാനം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമെത്തി ചെയ്തുതരുമെന്നും ഇതില്‍ പോസിറ്റീവാകുന്ന സാമ്പിളുകള്‍ പൂനെയിലേക്ക് അയക്കുമെന്നും 12 മണിക്കൂറിനുള്ളില്‍ ഇവയുടെ പരിശോധനാഫലം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. നിപ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Nipa Virus in Kozhikkode, child had eaten rambutan near the house. checking to see if the bats had reached the place; The central team visited the 12-year-old’s home