Advertisement
Entertainment
അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആ സമയത്ത് ഞാന്‍ ആലോചിച്ചു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 29, 11:22 am
Sunday, 29th September 2024, 4:52 pm

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം തിരക്കുള്ള നടിയായി മാറാനും നിഖിലയ്ക്ക് കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയില്‍ നിഖില അഭിനയിച്ചിട്ടുണ്ട്.

മാരി സെല്‍വരാജിന്റെ വാഴൈയില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്ക്വെക്കുകയാണ് നിഖില വിമല്‍. മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ഒറ്റ ടേക്കില്‍ തന്നെ പൊതുവെ റെഡി ആക്കാറുണ്ടെന്നും എന്നാല്‍ മാരി സെല്‍വരാജിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുപ്പത് ടേക്ക് വരെ പോയാല്‍ മാത്രമാണ് അദ്ദേഹത്തിന് ഓക്കേ ആകുകയെന്നും നിഖില പറയുന്നു.

മുപ്പത് ടേക്കോക്കെ ആകുമ്പോഴേക്കും എന്താണ് ചെയ്തതെന്ന് മനസിലാകില്ലെന്നും അഭിനയം നിര്‍ത്തിയാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പലനടയില്‍ സിനിമക്ക് ശേഷം ഇവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ അത് കാലങ്ങള്‍ക്ക് മുന്നേ തന്നോട് ചോദിച്ചിട്ടുണ്ടെന്നും നിഖില പറയുന്നു. സിലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഇവിടെ സിനിമ ചെയ്യുമ്പോള്‍ ഞങ്ങളെല്ലാം ഒരു പരിധി വരെ ഒറ്റ ടേക്കില്‍ ഓക്കേ ആകുന്ന ആളുകളായിരിക്കും. എനിക്ക് കോണ്‍ഫിഡന്റ് ആയിരിക്കുന്നത് എന്റെ ആദ്യത്തെ ടേക്കില്‍ ആയിരിക്കും. എന്നാല്‍ മാരി സെല്‍വരാജിന്റെ സിനിമയില്‍ എന്റെ ഒരു ഫസ്റ്റ് ടേക്ക് എന്ന് പറയുന്നത് പുള്ളിയുടെ മുപ്പതാമത്തെ ടേക്ക് ആയിരിക്കും.

നമ്മള്‍ ഭയങ്കര നന്നായിട്ടാണ് ആദ്യത്തെ ടേക്കില്‍ ഒക്കെ അഭിനയിക്കുന്നത് എന്നാലും അദ്ദേഹമത് എടുക്കുക പോലും ഇല്ല. മുപ്പത് ടേക്ക് ഒക്കെ ആകുമ്പോഴേക്കും ഞാനൊക്കെ എന്താണ് ചെയ്തതെന്ന് പോലും എനിക്ക് മനസിലാകാറില്ല. ഇരുപതാമത്തെ ടേക്കോ ഇരുപത്തഞ്ചാമത്തെ ടേക്കോ ആയിരിക്കും അദ്ദേഹം സെലക്ട് ചെയ്തിട്ടുണ്ടാകുക. എന്നാലും നമ്മളെകൊണ്ട് മുപ്പത് ടേക്ക് വരെ ചെയ്യിപ്പിക്കും.

ഞാന്‍ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഇതിനുള്ള കഴിവില്ലേ എന്നൊക്കെ തോന്നിപോകും. ഗുരുവായൂരമ്പലനടയില്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും ഇവള്‍ക്ക് കഴിവുണ്ടോ എന്നൊക്കെ ചോദിച്ചില്ലേ, എനിക്കിത് പുതിയ അനുഭവം ഒന്നും അല്ല. പണ്ടേ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കിതിനുള്ള കഴിവില്ലേയെന്ന്,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Sharing Experience Of Working With Mari Selvaraj