കൊച്ചി: മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം എന്‍ജിനീയറിങ് കോളജുകളുടെ കാര്യത്തില്‍ ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത തേടി ഹൈക്കോടതി. സര്‍ക്കാരും വനിത കമ്മീഷനും വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.
രാത്രി 9.30നു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാത്രി 9.30നുശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാനുള്ള വിലക്കിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ് കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുതിയ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും 9.30ന് ശേഷം പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിനോടും വനിത കമീഷനോടും വിശദീകരണം തേടിയത്.
പുതിയ ഉത്തരവ് പ്രകാരം മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ രാത്രി 9.30ന് ശേഷം നിയന്ത്രണം ബാധകമാണ്. ഇതുപ്രകാരം രാത്രി 9.30ന് ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഹോസ്റ്റലില്‍ പ്രവേശിക്കാം. രണ്ടാം വര്‍ഷം മുതലാണ് ഉത്തരവ് ബാധകം.
പുതിയ ഉത്തരവ് ഭേദമാണെന്നായിരുന്നു കോടതിയുടെ അഭിപ്രായം. മൂവ്‌മെന്റ് രജിസ്റ്റര്‍ കാണാനുള്ള അവകാശം മാതാപിതാക്കള്‍ക്കും ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും ഡിസംബര്‍ 20ന് പരിഗണിക്കാന്‍ മാറ്റി.
‘ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ റാഗിങ് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിയന്ത്രണത്തില്‍ തെറ്റുപറയാനാവില്ല. കുട്ടികളെ തുറന്നുവിടണമെന്നില്ല. പക്ഷേ, അവിശ്വസിക്കുന്ന സാഹചര്യം പാടില്ല.
അച്ചടക്കത്തിനായി സമയനിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം കൊണ്ടുവരുന്ന സ്ഥിതി മാറണം. സമൂഹത്തിന്റെ സദാചാരബോധം പെണ്‍കുട്ടികളില്‍ മാത്രം അടിച്ചേല്‍പിക്കുന്ന സ്ഥിതി പാടില്ല,’ എന്നും കോടതി പറഞ്ഞു.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ഹോസ്റ്റല്‍ സമയവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയത്.