ബി.ജെ.പി വേദികളില്‍ ആ 'ഹനുമാന്‍' ഇനി ഉണ്ടാവില്ല; പൗരത്വ പേടിയില്‍ ആത്മഹത്യ ചെയ്തു
national news
ബി.ജെ.പി വേദികളില്‍ ആ 'ഹനുമാന്‍' ഇനി ഉണ്ടാവില്ല; പൗരത്വ പേടിയില്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2019, 8:18 am

കൊല്‍ക്കത്ത: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ പശ്ചിമ ബംഗാളിലെ ബി.ജെ.പി വേദികളില്‍ സ്ഥിരമായി കണ്ടിരുന്ന ‘ഹനുമാന്‍’ ഇനിയുണ്ടാവില്ല. ഹനുമാനായി വേഷം കെട്ടിയിരുന്ന നിബാഷ് സര്‍ക്കാര്‍ സംസ്ഥാനത്ത് ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തു. രാജ്യമൊട്ടാകെ ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് വന്ന നിബാഷ് സര്‍ക്കാര്‍ ആത്മഹത്യ ചെയ്തത്.

ബംഗ്ലാദേശില്‍ നിന്ന് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബി.ജെ.പി പറയുമ്പോഴും അസമില്‍ 12 ലക്ഷം ഹിന്ദുക്കള്‍ പൗരത്വ പട്ടികക്ക് പുറത്തായിരുന്നു. ഈ അനുഭവം കണക്കിലെടുത്ത് താനും പൗരത്വമില്ലാത്തവനായി മാറുമെന്ന് നിബാഷിനുണ്ടായിരുന്നതായി അയല്‍ക്കാരനായ ദീപക് റോയ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശത്ത് നിബാഷ് സര്‍ക്കാറിനെ പോലെ നിരവധി പേര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്ന് ദീപക് റോയ് പറഞ്ഞു. എന്‍.ആര്‍.സി എന്ന് ബി.ജെ.പി പറയുമ്പോള്‍ ഭയക്കുന്നത് ഇവരെ പോലെയുള്ളവരാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ജഗന്നാഥ് സര്‍ക്കാര്‍ പോലും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയതാണെന്നും ദീപക് റോയ് പറഞ്ഞു.

നിബാഷ് സര്‍ക്കാരിന്റെ ആത്മഹത്യയില്‍ സി.പി.ഐ.എം ജില്ലാ കമ്മറ്റി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ബംഗ്ലാദേശി ഹിന്ദു കുടിയേറ്റ മേഖലകളിലെല്ലാം വലിയ ഭീതിയാണിപ്പോഴുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ