Malayalam Cinema
ഒരു പൊടിക്ക് പോലും ഡ്രൈവിംഗ് അറിയാത്ത എന്‍.എഫ് വര്‍ഗീസ് നാല് ദിവസം കൊണ്ട് ഡ്രൈവിംഗ് പഠിച്ച് സ്വന്തം ഫോര്‍വീലറിലാണ് അന്ന് വന്നത്: ഡെന്നീസ് ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 08, 05:19 pm
Sunday, 8th November 2020, 10:49 pm

കൊച്ചി: ആകാശദൂതിലെ വില്ലനായി ആദ്യം നിശ്ചയിച്ചിരുന്നത് സലീം ഗൗസിനെയായിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. സലീമിന്റെ അസൗകര്യമാണ് എന്‍.എഫ് വര്‍ഗീസിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയിലാണ് എന്‍.എഫ്. വര്‍ഗീസിന്റെ പേര് ഉയര്‍ന്നുവരുന്നത്. കലാഭവനിലും മിമിക്രി ഗ്രൂപ്പുകളിലുമെല്ലാം സജീവമായിരുന്ന വര്‍ഗീസിന്റെ ശബ്ദം അന്നേ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വേഷം നല്‍കിയ വിവരമറിഞ്ഞപ്പോള്‍ സന്തോഷം നേരിട്ടറിയിക്കാന്‍ അന്നുരാത്രിതന്നെ വര്‍ഗീസ് പനമ്പള്ളിനഗറിലെ എന്റെ വീട്ടിലേക്കെത്തി’, ഡെന്നീസ് ജോസഫ് പറഞ്ഞു.

എന്നാല്‍ കഥാപാത്രത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം അമ്പരന്നുപോയെന്നും എന്‍.എഫ് വര്‍ഗീസിന് അന്ന് ഡ്രൈവിംഗ് അറിയില്ലായിരുന്നെന്നും ഡെന്നീസ് പറയുന്നു.

പാല്‍ക്കാരനായ ലോറി ഡ്രൈവറുടെ വേഷമായിരുന്നു എന്‍.എഫ് വര്‍ഗീസിന് സിനിമയില്‍.

‘വാഹനമോടിക്കാന്‍ അറിയാത്തൊരാള്‍ക്ക് കഥാപാത്രത്തെ അവതരിപ്പിക്കാനാകില്ല. വര്‍ഗീസ് വല്ലാതായി. തത്കാലം ഇക്കാര്യം ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാന്‍ ഒരാഴ്ച സമയമുണ്ടല്ലോ അതിനുള്ളില്‍ ശരിയാക്കാമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി. നാലോ അഞ്ചോ ദിവസത്തിനുശേഷം വര്‍ഗീസ് വീണ്ടും വന്നു, സ്വന്തമായി ഫോര്‍വീലര്‍ ഓടിച്ചായിരുന്നു ആ വരവ്’, ഡെന്നീസ് ജോസഫ് ഓര്‍ത്തെടുത്തു.

ലഭിച്ചവേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നുരാത്രിതന്നെ എന്‍.എഫ് വര്‍ഗീസ് ഏതോ ഡ്രൈവിങ് സ്‌കൂളില്‍ ചേരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1993 ല്‍ പുറത്തിറങ്ങിയ ആകാശദൂത് സിബി മലയിലാണ് സംവിധാനം ചെയ്തത്. മാധവിയും മുരളിയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NF Varghese Akasadhoothu Dennis Joseph