ന്യൂദല്‍ഹി: അകാരണമായി പൗരന്മാര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.
യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ഒരു ചാനല്‍ കഴിഞ്ഞദിവസം നല്‍കിയിരുന്നെന്നും ഇനി അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ആ ചാനലിനെതിരെ ആയിരിക്കുമോ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചോദിച്ചു.
” മൃതദേഹം നദിയില്‍ എറിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്നലെ ഞങ്ങള്‍ കണ്ടു, ”ജസ്റ്റിസ് റാവു നിരീക്ഷിച്ചു.
” അതെ. മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ഇത് കാണിച്ചതിന് ആ ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് മറുപടി നല്‍കിയത്.
അതേസമയം, രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസിലാണ് കോടതിയുടെ പരാമര്‍ശം. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കാനുള്ളതാണെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നാണ് കോടതി നിരീക്ഷിച്ചത്.
‘മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ കണക്കിലെടുത്ത് 124എ, 153 എന്നീ വകുപ്പുകള്‍ക്ക് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വരേണ്ടതുണ്ട്,’ കോടതി ഉത്തരവില്‍ പറഞ്ഞു.
തെലുങ്ക് ചാനലുകളായ ടി.വി5 ന്യൂസ് എ.ബി.എന്‍ ആന്ധ്രാ ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകള്‍ സുപ്രീംകോടതിയില്‍ റിട്ട് നല്‍കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ വൈദ്യ സഹായം അഭ്യര്‍ത്ഥിക്കുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് തങ്ങള്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ചാനലുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വിമത നേതാവായ വൈ.എസ്.സി.ആര്‍.പി എം.പി രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതെന്ന് ചാനലുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവന്‍, സിദ്ധാര്‍ത്ഥ ലുത്ര എന്നിവര്‍ കോടതിയില്‍ വാദിച്ചു.