ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുലിസ്റ്റര്‍ പ്രൈസ് ജേതാവും കവയത്രിയും ടൈം മാഗസിന്റെ കവിത എഡിറ്ററുമായ ആന്‍ ബോയര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് രാജിവെച്ചു. സംഘര്‍ഷത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റ നിലപാടുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അവര്‍ രാജിവെച്ചത്.
യു.എസിന്റെ പിന്തുണയോടെ ഇസ്രഈല്‍ ഗസയിലെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണം ആര്‍ക്കും വേണ്ടിയുള്ളതല്ലെന്ന് അവര്‍ രാജികത്തില്‍ പറഞ്ഞു. ഈ യുദ്ധം കൊണ്ടുള്ള ലാഭം യൂറോപ്പിനോ അമേരിക്കക്കോ ഇസ്രാഈലിനോ അല്ലെന്നും പകരം എണ്ണ കമ്പനികള്‍ക്കും ആയുധ നിര്‍മാതാക്കള്‍ക്കാണെന്നും അവര്‍ പറഞ്ഞു.
‘അമേരിക്കയുടെ പിന്തുണയോടെ ഇസ്രഈല്‍ ഭരണകൂടം ഗസയിലെ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന യുദ്ധം ആരുടെയും യുദ്ധം അല്ല. ഇസ്രഈലിനോ അമേരിക്കക്കോ യൂറോപ്പിനോ ജൂതന്‍മാര്‍ക്കോ അല്ല അതിന്റെ ലാഭം. മറിച്ച് എണ്ണ കമ്പനികള്‍ക്കും ആയുധ നിര്‍മാതാക്കള്‍ക്കും ആണ്.
ലോകവും ഭാവിയും നമ്മളുടെ ഹ്യദയങ്ങളും എല്ലാം യുദ്ധം കാരണം ഇടുങ്ങിയതും കഠിനവുമായി. ഇത് കേവലം മിസൈലുകളുടെയോ കുടിയൊഴിപ്പിക്കലിന്റെയോ യുദ്ധം മാത്രമല്ല. അധിനിവേശം, കുടിയൊഴിപ്പിക്കല്‍, ഉപരോധം, ഇല്ലായ്മ ചെയ്യല്‍, തടവിലാക്കല്‍, പീഡനം എന്നിവക്കെതിരെ ചെറുത്തുനിന്ന ഫലസ്തീന്‍ ജനതക്കെതിരായ യുദ്ധമാണ്.
ഞങ്ങളുടെ രീതി സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കലാണെങ്കിലും ഈ അവസരത്തില്‍ കലാകാരന്‍മാരുടെ ഏറ്റവും മികച്ച പ്രതിഷേധം നിരസിക്കലാണ്. അകാരണമായ യാതനകളോട് നമ്മെ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ‘ന്യായമായ’ സ്വരങ്ങള്‍ക്കിടയില്‍ എനിയ്ക്ക് കവിതയെ കുറിച്ച് എഴുതാനാകില്ല. ഇനി അണുവിമുക്തമാക്കിയ നരകപദങ്ങള്‍ വേണ്ട. യുദ്ധഭീതിയുള്ള നുണകള്‍ വേണ്ട.