ന്യൂദല്‍ഹി: ആത്മീയതയാണ് ഇന്ത്യയുടെ അടിത്തറയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഓരോ ഇന്ത്യന്‍ പൗരന്റേയും ഞരമ്പിലൂടെ ഒഴുകുന്നത് ഭക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍) സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദയുടെ ജീവചരിത്രമായ ‘സിങ്, ഡാന്‍സ് ആന്‍ഡ് പ്രേ, എ ബയോഗ്രഫി ഓഫ് എ.സി. ഭക്തിവേദാന്ദ സ്വാമി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഭാരതീയരുടെ സിരകളിലൂടെ ഭക്തിയാണ് ഒഴുകുന്നത്. യുവതലമുറ നമ്മുടെ വേരുകളിലേക്ക് തിരിച്ചുവരുന്നതും അഹിംസയുടെയും ആത്മീയതയുടെയും സാര്‍വത്രിക സാഹോദര്യത്തിന്റെയും പാത പിന്തുടരേണ്ടത് അനിവാര്യമാണ്,” വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയിലെ അനേകം ഋഷിമാരും മുനിമാരും ആചാര്യന്മാരും വിഭാഗീയമല്ലാത്ത, സാര്‍വത്രികമായ ആരാധനാരീതിയിലൂടെ ജനങ്ങളെ ഉയര്‍ത്തിയതായും നായിഡു ചൂണ്ടിക്കാട്ടി, ‘വസുദൈവ കുടുംബകം’ എന്ന സന്ദേശം ഉയര്‍ത്തിയതിന് ശ്രീല പ്രഭുപാദയ്ക്ക് നന്ദിയുണ്ടെന്നും നായിഡു പറഞ്ഞു.
സമൂഹം തള്ളിക്കളയുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ശ്രീല പ്രഭുപാദ. അദ്ദേഹം അവരുടെ ജീവിതത്തിന് സന്തോഷവും സംതൃപ്തിയും നല്‍കുകയും ചെയ്തിരുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
അഹിംസയുടെ പാതയിലേക്ക് രാജ്യത്തെ യുവജനങ്ങള്‍ തിരിച്ചുവരേണ്ടത് ഏറെ അനിവാര്യമാണ്. ശ്രീല പ്രഭുപാദയുടെ 125-ാം ജന്മവാര്‍ഷികത്തില്‍ ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ സമര്‍പ്പണമാണെന്നും നായിഡു പറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിതം പരമോന്നത ബോധത്തിന്റെയും ശാശ്വതമായ ആന്തരിക സമാധാനത്തിന്റെയും രക്ഷയുടെയും അതുല്യമായ പാത കാണിച്ചുതരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ നടത്തുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയായി മാറിയ അക്ഷയപാത്ര ഫൗണ്ടേഷന്റെ പിറവിയിലേക്ക് നയിച്ച ഇസ്‌കോണ്‍ ബാംഗ്ലൂരിന്റെ സേവനത്തെയും നായിഡു പ്രശംസിച്ചു.