റഷ്യ-ഇന്ത്യ വ്യാപാരം; മെഗാ തുറമുഖത്തിന് അനുമതി നൽകി കേന്ദ്രം
NATIONALNEWS
റഷ്യ-ഇന്ത്യ വ്യാപാരം; മെഗാ തുറമുഖത്തിന് അനുമതി നൽകി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 3:33 pm

ന്യൂദൽഹി: റഷ്യയുമായുള്ള വ്യാപാരം വർധിപ്പിക്കുന്നതിനും പ്രധാന ആഗോള വ്യാപാര ശൃംഖലകളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനും വേണ്ടി ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന് നിർമിക്കാനൊരുങ്ങി ഇന്ത്യൻ ഭരണകൂടം.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് തുറമുഖം നിർമിക്കാനുള്ള അംഗീകാരം സർക്കാർ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുതായി നിർമിക്കുന്ന തുറമുഖം ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഇറാൻ വഴിയുള്ള ചരക്കുകൾ കയറ്റിയയക്കുന്നതിനുള്ള അന്താരാഷ്‌ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ടേഷൻ കോറിഡോറിന്റെ പ്രധാന ഭാഗമാകും ഈ തുറമുഖം. മഹാരഷ്ട്രയിലെ വധവനിൽ നിർമിക്കാനൊരുങ്ങുന്ന ഈ തുറമുഖത്തിലൂടെ സൂയിസ് കനാൽ റൂട്ടിന് പകരം ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് ചരക്ക് കൊണ്ടുപോകാൻ സാധിക്കും. ഇറാൻ വഴിയാണ് ചരക്ക് കൊണ്ടുപോവുക.

ജൂലൈയിൽ മോസ്കൊ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അന്താരാഷ്‌ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ടേഷൻ കോറിഡോറിന്റെ (ഐ.എൻ.എസ.ടി.സി) വികസനത്തിലൂടെ കൂടുതൽ വ്യാപാരമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

2030 ഓടെ 100 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ വധവാൻ തുറമുഖത്തിന് 72 ,220 കോടി രൂപയോളം ചെലവ് വരുമെന്ന് ഇന്ത്യൻ തുറമുഖ, ഷിപ്പിങ് ജലപാത മന്ത്രി സർബാനന്ദ സൊനോവൾ പാർലമെന്റിൽ പറഞ്ഞു.

ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റിയുടെയും മഹാരാഷ്ട്ര മാരിടൈം ബോർഡിന്റെയും നേതൃത്വത്തിലുള്ള പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് തുറമുഖം വികസിപ്പിക്കുന്നതെന്ന് സൊനോവൾ പറഞ്ഞു. പദ്ധതിയുടെ നിർമാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ പത്ത് കണ്ടൈനർ തുറമുഖങ്ങളിൽ ഈ തുറമുഖവും സ്ഥാനം പിടിക്കുമെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

റഷ്യ കൂടാതെ ഏഷ്യ, പേർഷ്യൻ ഗൾഫ്, യൂറോപ്പ്, എന്നിവ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഐ.എം.ഇ.ഇ.സി കോറിഡോർ കരാർ കഴിഞ്ഞ വർഷം ന്യൂദൽഹിയിൽ നടന്ന ജി- 20 ഉച്ചകോടിയിൽ വെച്ച് ഒപ്പുവച്ചിരുന്നു. എന്നാൽ ഇസ്രഈൽ ഗസ സംഘർഷത്തെ തുടർന്ന് പദ്ധതി വൈകുകയാണ്.

 

Content Highlight: New Delhi approves mega port to boost Russia-India trade