പുതിയ ക്രിമിനൽ നിയമങ്ങൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം
India
പുതിയ ക്രിമിനൽ നിയമങ്ങൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 4:39 pm

ന്യൂദൽഹി: പുതിയ ക്രിമിനൽ നിയമങ്ങൽ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് നിയമങ്ങളാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്.

1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1973ലെ ക്രിമിനൽ നടപടി ചട്ടത്തിന് (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ.

മൂന്ന് നിയമങ്ങളും പാർലമെന്റ് പാസാക്കുകയും ഡിസംബറിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലുകളിൽ ഒപ്പ് വെക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടനക്കും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങളെന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

മൂന്ന് നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സംവിധാനങ്ങളും നിലവിൽ വന്നാൽ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും പുരോഗമനമുള്ള നിയമങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടും. ഭാരതീയ ന്യായ സംഹിത ബില്ലിൽ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡി കാലാവധി ഏത് കേസിലും അറസ്റ്റിന് ശേഷമുള്ള ആദ്യത്തെ 15 ദിവസമാണ്. ഇതിനപ്പുറം പൊലീസ് കസ്റ്റഡി നീട്ടാൻ സാധിക്കുന്നതിനെ കുറിച്ച് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും പരാമർശിക്കുന്നുണ്ട്. അതോടൊപ്പം അന്വേഷണവും കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പടെ കേസുമായി ബന്ധപ്പെട്ട നടപടികൾക്ക് സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

Contant Highlight: New Criminal Laws, Which Replace Penal Code, To Come Into Effect From July 1