കാലിഫോര്‍ണിയ: യു.എസിലെ ഇസ്‌ലാമോഫോബിയ പഠിപ്പാക്കാനൊരുങ്ങി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. യു.എസില്‍ എങ്ങനെ ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നു എന്നതാണ് കോഴ്‌സിന്റെ ഉള്ളടക്കം.
ഇസ്‌ലാമോഫോബിയയെ ചോദ്യംചെയ്യല്‍ (Interrogating Islamophobia) എന്നാണ് കോഴ്‌സിന്റെ പേര്. സ്റ്റാന്‍ഫോര്‍ഡ് മര്‍കസ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടറും അസോസിയേറ്റ് ഡീനുമായ അബിയ അഹമ്മദാണ് കോഴ്‌സ് പഠിപ്പിക്കുന്നതെന്ന് ദ സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമിനേയും മുസ്‌ലിങ്ങളേയും കേന്ദ്രീകരിച്ച് മതത്തിനെയും വിദ്യാഭ്യാസത്തിനെയും താരതമ്യം ചെയ്ത് പരിശോധിക്കുന്നതാണ് കോഴ്‌സ്.
ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണതകളെക്കുറിച്ച് പഠിച്ച് അത് ആശയപരമായി എങ്ങനെ യു.എസില്‍ വ്യാപിക്കുന്നു എന്ന് പരിശോധിക്കലുമാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് അബിയ അഹമ്മദ് പറഞ്ഞു.
‘എന്റെ കാഴ്ചപ്പാടില്‍ ഇത്തരമൊരു കോഴ്‌സ് പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇസ് ലാമോഫോബിയയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും, അതിന്റെ പ്രതിസന്ധികളെ തരണം ചെയ്യാനുമിത് ഉപകരിക്കും.
ഈ കോഴ്‌സ് വഴി ഞങ്ങള്‍ ഉദ്ദേശിക്കുന്നത് യു.എസിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുക എന്നതാണ്. അതുവഴി വിദ്യാര്‍ത്ഥികളെല്ലാം അതിനെക്കുറിച്ച് ബോധവാന്‍മാരാകും,’ അബിയ അഹമ്മദ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇസ്‌ലാമോഫോബിയ കോഴ്‌സില്‍ 10 പേരാണ് ചേര്‍ന്നിട്ടുള്ളത്. കൂടാതെ ഒരു ബിരുദ വിദ്യാര്‍ത്ഥിയും അബിയ അഹമ്മദിനൊപ്പം കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്.
മുസ്‌ലിം വിരുദ്ധത യു.എസില്‍ പണ്ട് മുതല്‍ക്കേ പ്രത്യക്ഷമായി നിലനില്‍ക്കുന്നതാണ്. യു.എസില്‍ മറ്റ് മതക്കാരെ അപേക്ഷിച്ച് മുസ്‌ലിങ്ങള്‍ അഞ്ച് മടങ്ങിലധികം പൊലീസ് മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ടെന്നാണ് റൈസ് യൂണിവേഴ്‌സിറ്റി പഠനം ചൂണ്ടിക്കാട്ടുന്നത്.
സ്റ്റാന്‍ഫോര്‍ഡിലടക്കം ഇസ്‌ലാമോഫോബിക് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ല്‍ ക്യാമ്പസില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് മുസ്‌ലിം വിരുദ്ധ ബ്ലോഗര്‍ റോബര്‍ട്ട് സ്‌പെന്‍സര്‍ തന്നെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ പരിഹസിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.