ഫുള്‍ വെറൈറ്റി; പോസ്റ്ററുകള്‍ കൊണ്ടുള്ള പ്രമോഷനുമായി ഗോള്‍ഡ്
Film News
ഫുള്‍ വെറൈറ്റി; പോസ്റ്ററുകള്‍ കൊണ്ടുള്ള പ്രമോഷനുമായി ഗോള്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 8:18 pm

അല്‍ഫോണ്‍സ് ചിത്രം ഗോള്‍ഡിന്റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം വെറൈറ്റിയായിരുന്നു.

ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ‘കാര്‍ട്ടൂണ്‍’ രൂപത്തിലുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ്, നയന്‍താര, ലാലു അലക്‌സ്, അജ്മല്‍ അമീര്‍, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളേയും പോസ്റ്ററില്‍ കാണാം. പ്രൊമോഷന്റെ ഭാഗമായി വെറൈറ്റിയായി പോസ്റ്ററുകളും ഒരു ടീസറും മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. സര്‍ക്കിള്‍ ഡിസൈനില്‍ കഥാപാത്രങ്ങളെല്ലാം നേരെയും തല കുത്തനെയുമെല്ലാം നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സാങ്കേതിയ കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. അടുത്തിടെയാണ് ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നത്. തിങ്കളാഴ്ച നടന്ന കടുവ സിനിമയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ചും ചിത്രത്തെ പറ്റി ലിസ്റ്റിന്‍ സംസാരിച്ചിരുന്നു. പൊലീസുകാര്‍ വരെ തന്നോട് ഗോള്‍ഡിന്റെ റിലീസിനെക്കുറിച്ചാണ് ചോദിച്ചതെന്നും പൃഥ്വിരാജ് മാത്രമാണ് ഗോള്‍ഡിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്യാതിരുന്നതെന്നും ലിസ്റ്റിന്‍ പറഞ്ഞു.

”ഇതുപോലെ ഒരു സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് കൂടെ ഡ്രൈവര്‍ ഇല്ലാത്തത് കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല.

അത് പറഞ്ഞപ്പോള്‍ അങ്ങനെ ആണെങ്കില്‍ സ്റ്റേഷനിലേക്ക് കൂടെ പോരാന്‍ പൊലീസ് പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ഇല്ല പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലാത്തത് കൊണ്ടാണ് വെറുതെ വിടണമെന്ന് ഞാന്‍ പറഞ്ഞു.

അത് കഴിഞ്ഞപ്പോള്‍ എന്നോട് പേര് പറയാന്‍ പറഞ്ഞു. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ അല്ലേയെന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ അല്ലേയെന്നും ഗോള്‍ഡ് എന്നാണ് ഇറങ്ങുന്നതെന്നും ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്ന് ഒന്ന് റിലീസ് ചെയ്താലാണ് ഗോള്‍ഡ് എനിക്ക് റിലീസ് ചെയ്യാന്‍ പറ്റൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു.

ഗോള്‍ഡിന്റെ ഡേറ്റ് ഈ മാസം കുറേ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ മാറ്റി ഇട്ടു. ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് അനൗണ്‍സ് ചെയ്തില്ല ബാക്കി ബുദ്ധിയില്ലാത്ത ഞങ്ങള്‍ മാത്രം ഡേറ്റ് ഇങ്ങനെ ഓരോ സമയത്തും അനൗണ്‍സ് ചെയ്തു കൊണ്ടിരുന്നു. അടുത്ത് തന്നെ അദ്ദേഹം അനൗണ്‍സ് ചെയ്യും,” ലിസ്റ്റിന്‍ പറഞ്ഞു.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒറ്റ കാരണം തന്നെയാണ് ഗോള്‍ഡിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.

Content Highlight: new cartoon poster of gold movie