Advertisement
Film News
സവര്‍ക്കറുടെ ജീവിതവും സിനിമയാക്കാന്‍ ബോളിവുഡ്; നായകന്‍ രണ്‍ദീപ് ഹൂഡ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 23, 12:28 pm
Wednesday, 23rd March 2022, 5:58 pm

വി.ഡി. സവര്‍ക്കറുടെ ജീവിതമടിസ്ഥാനമാക്കി പുതിയ ബോളിവുഡ് സിനിമ ഒരുങ്ങുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നത് രണ്‍ദീപ് ഹൂഡയായിരിക്കും. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം.

മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവഗണിച്ച ചില കാര്യങ്ങള്‍ പറയാന്‍ ഇതാണ് ശരിയായ സമയമെന്ന് മഹേഷ് വി. മഞ്ജരേക്കര്‍ പറഞ്ഞു.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹമായി അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. ‘നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് . എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല.

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്,’ രണ്‍ദീപ് ഹൂഡ പറഞ്ഞു.

ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചഴ്‌സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല


Content Highlight: new Bollywood movie is being made based on Savarkar’s life