ബാറ്റർമാർക്ക് നടുവിന് സർജറിയോ? എന്തോന്നടെ? ഇന്ത്യയുടെ പരിശീലന രീതിയെ വിമർശിച്ച് സൂപ്പർ താരം
Cricket news
ബാറ്റർമാർക്ക് നടുവിന് സർജറിയോ? എന്തോന്നടെ? ഇന്ത്യയുടെ പരിശീലന രീതിയെ വിമർശിച്ച് സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th March 2023, 2:37 pm

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു. 1-2 എന്ന മാർജിനിലാണ് ടീം ഇന്ത്യ ഓസീസിന് മുന്നിൽ അടിയറവ് പറഞ്ഞത്.

മത്സരത്തിൽ ജസ്പ്രീത് ബുമ്ര ശ്രെയസ് അയ്യർ മുതലായ താരങ്ങൾക്ക് പരിക്ക് മൂലം ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല. മാർച്ച് 31ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ഈ താരങ്ങൾക്ക് കളിക്കാൻ സാധിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

നടുവിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയരാകേണ്ടി വന്നതോടെയാണ് ബുമ്രക്കും അയ്യർക്കും മൈതാനത്ത് നിന്നും വിട്ട് നിൽക്കേണ്ടി വന്നത്.
എന്നാലിപ്പോൾ താരങ്ങളുടെ തുടർച്ചയായതും ഗൗരവകരമായതുമായ പരിക്കുകൾക്ക് ടീമിന്റെ പരിശീലന രീതിയാണ് കാരണം എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരമായിരുന്ന അജയ് ജഡേജ.


തന്റെ കാലത്ത് ബാറ്റർമാർക്ക് പരിക്ക് പറ്റുന്നതിനെ പറ്റി കേട്ടിട്ടുപോലുമില്ലായിരുന്നു എന്നും അമിതമായ വെയിറ്റ് ലിഫ്റ്റിങ്‌ പോലുള്ള പരിശീലനരീതികളാണ് താരങ്ങൾക്ക് നടുവിന് പരിക്കേൽക്കാൻ കാരണമെന്നുമാണ് അജയ് ജഡേജ പറഞ്ഞത്.

“എനിക്ക് അത്ഭുതം തോന്നുന്നു. ക്രിക്കറ്റ്‌ കളിക്കുമ്പോൾ പരിക്ക് പറ്റുക എന്നതൊക്കെ സാധാരണമായ കാര്യമാണ്. പക്ഷെ ഒരു ബാറ്റർക്ക് പരിക്ക് പറ്റി നടുവിന് സർജറി ചെയ്യേണ്ടി വന്നെന്നൊക്കെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.

പ്ലെയേഴ്സ് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വെയ്റ്റ് ലിഫ്റ്റിങിൻ അതിന്റെ ഗുണങ്ങൾ ഉണ്ടെന്നത് സത്യമാണ്. പക്ഷെ ഇതുപോലുള്ള അനന്തര ഫലങ്ങളും അത്തരം പരിശീലന രീതികൾ കൊണ്ടുണ്ടാകാം. അതിനാൽ പരിശീലനത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക,’ അജയ് ജഡേജ പറഞ്ഞു.


അതേസമയം ഇന്ത്യൻ ടീമിന്റെ രാജ്യാന്തര മത്സരങ്ങൾക്ക് ഒരു ഇടവേള നൽകികൊണ്ട് മാർച്ച് 31ന് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും. മെയ്‌ 21 വരെയാണ് ഐ.പി. എല്ലിലെ ഗ്രൂപ്പ്‌ ഘട്ടങ്ങളിലെ മത്സരങ്ങൾ അവസാനിക്കുക.

Content Highlights:Never heard of batters getting back surgery Ajay Jadeja said about indian players training methods