പാരീസ്: ബാഴ്‌സലോണയില്‍ തന്നോട് സൗജന്യമായി കളിക്കുന്നതിന് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് ലയണല്‍ മെസി. ഇത് സംബന്ധിച്ച് ബാഴ്‌സ പ്രസിഡന്റ് ജോവാന്‍ ലാപാര്‍ട്ടയുടെ പരാമര്‍ശം അദ്ദേഹം തള്ളി.
ബാഴ്‌സലോണയില്‍ സൗജന്യമായി കളിക്കാന്‍ ലയണല്‍ മെസി സമ്മതിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി ജോവാന്‍ ലാപൊര്‍ട്ട പറഞ്ഞിരുന്നു.
”മെസിക്ക് ബാഴ്സലോണയില്‍ തുടരാന്‍ ആഗ്രമുണ്ടായിരുന്നു എന്ന് എനിക്കറിയാം, എന്നാല്‍ ഓഫര്‍ കാരണം വളരെയധികം സമ്മര്‍ദ്ദവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന് വളരെ ശക്തമായ ഒരു ഓഫര്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു,’ എന്നായിരുന്നു ലാപാര്‍ട്ട പറഞ്ഞിരുന്നത്.
എന്നാല്‍ തന്നോട് ആരും സൗജന്യമായി കളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്ന് മെസി പറഞ്ഞു.
‘ടീമിനൊപ്പം തുടരാന്‍ സാധ്യമായതെല്ലാം ഞാന്‍ ചെയ്തു, എന്നോട് സൗജന്യമായി കളിക്കാന്‍ ഒരു സമയത്തു പോലും ഒരാളും ആവശ്യപ്പെട്ടിട്ടില്ല. എന്റെ ശമ്പളം അമ്പതു ശതമാനം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു, യാതൊരു പ്രശ്നവും കൂടാതെ ഞാനത് സമ്മതിക്കുകയും ചെയ്തു,’ മെസി പറഞ്ഞു.
തനിക്കും കുടുംബത്തിനും ബാഴ്‌സയില്‍ തുടരാനായിരുന്ന ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന്റെ വാക്കുകള്‍ അസ്ഥാനത്താണെന്നും ഇത്തരം പ്രതികരണങ്ങളുടെ ആവശ്യമില്ലായിരുന്നെന്നും മെസി പറഞ്ഞു.
തന്നില്‍ സംശയം ജനിപ്പിക്കുന്നതിന് ഇത് കാരണമാകുമെന്നും മെസി പറഞ്ഞു.
സാമ്പത്തിക നടപടി ക്രമങ്ങളെത്തുടര്‍ന്ന് മെസിയുമായുള്ള കരാര്‍ പുതുക്കാനാവാതെ വന്നതോടെയാണ് ഈ സീസണില്‍ മെസി പി.എസ്.ജിയിലേക്ക് പോയത്. പി.എസ്.ജിയുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് മെസി ഒപ്പുവെച്ചിരിക്കുന്നത്.
2000 സെപ്റ്റംബറില്‍ തന്റെ പതിമൂന്നാം വയസില്‍ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിരുന്നില്ല.
അതേസമയം, മെസിയുടെ അഭാവത്തില്‍ സ്പാനിഷ് ലീഗില്‍ തുടര്‍പരാജയങ്ങളില്‍ വലയുകയാണ് ബാഴ്‌സലോണ. സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ നാല് ജയം മാത്രമാണ് ബാഴ്‌സക്കുള്ളത്. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബാഴ്‌സ കഴിഞ്ഞ ആഴ്ച എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയലിനോടും തോറ്റിരുന്നു.