നേതാജിയുടെ പ്രത്യയശാസ്ത്രം സവര്‍ക്കറെ എതിര്‍ക്കുന്നത്; സവര്‍ക്കര്‍ സിനിമക്കെതിരെ നേതാജിയുടെ കൊച്ചുമകന്‍
national news
നേതാജിയുടെ പ്രത്യയശാസ്ത്രം സവര്‍ക്കറെ എതിര്‍ക്കുന്നത്; സവര്‍ക്കര്‍ സിനിമക്കെതിരെ നേതാജിയുടെ കൊച്ചുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2023, 12:43 pm

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ഭോസ് സവര്‍ക്കറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെന്ന വാദവുമായി ടീസര്‍ പുറത്തിറക്കിയ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും വിമര്‍ശിച്ച് നേതാജിയുടെ കുടുംബം രംഗത്ത്. ഈ വാദം തെറ്റാണെന്ന് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

‘സിനിമയുടെ നായകനായ രണ്‍ദീപ് ഹൂഡ നടത്തിയ അവകാശവാദം ചിത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രചോദിപ്പിച്ചത് രണ്ട് മഹാരഥന്മാരാണ്.

ഒരാള്‍ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ സ്വാമി വിവേകാനന്ദനാണ്. രണ്ടാമത്തെ വ്യക്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ സ്വാതന്ത്ര്യ സമര സേനാനി ദേശ്ബന്ധു ചിത്രഞ്ജന്‍ ദാസ് ആയിരുന്നു. ഈ രണ്ട് പേരെ കൂടാതെ നേതാജി സുഭാഷ് ചന്ദ്രബോസ് മറ്റ് ഏതെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി കരുതുന്നില്ല,’ ചന്ദ്രകുമാര്‍ പറഞ്ഞു.

സവര്‍ക്കര്‍ ഒരു മഹത്തായ വ്യക്തിത്വവും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നുവെന്നും എന്നാല്‍ സവര്‍ക്കറുടെ പ്രത്യയശാസ്ത്രം തികച്ചും വിപരീതമായിരുന്നുവെന്നും ചന്ദ്രകുമാര്‍ ബോസ് കൂട്ടിച്ചേര്‍ത്തു. ‘നേതാജി സവര്‍ക്കറിനെ ഒരിക്കലും മാതൃകയാക്കില്ല. നേതാജിയുടെ തത്വങ്ങളും പ്രത്യയശാസ്ത്രവും യഥാര്‍ത്ഥത്തില്‍ സവര്‍ക്കറിനെ എതിര്‍ക്കുന്നതായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിക്കെതിരായ പോരാട്ടത്തില്‍ സവര്‍ക്കറില്‍ നിന്നും മുഹമ്മദലി ജിന്നയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാവില്ലെന്ന് നേതാജി തന്റെ രചനയില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദു മഹാസഭയില്‍ നിന്നും മുഹമ്മദലി ജിന്നയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി വളരെ മതേതര നേതാവായിരുന്നു.

വര്‍ഗീയത പുലര്‍ത്തുന്നവരെ അദ്ദേഹം എതിര്‍ത്തു. ശരദ് ചന്ദ്ര ബോസും നേതാജി സുഭാഷ് ചന്ദ്രബോസും, രണ്ട് സഹോദരന്മാരും വര്‍ഗീയതയെ പൂര്‍ണമായി എതിര്‍ത്തിരുന്നു. അപ്പോള്‍ നേതാജി സവര്‍ക്കറെ പിന്തുടരുകയോ പിന്തുണക്കുകയോ ചെയ്യുമെന്ന് നിങ്ങള്‍ എങ്ങനെ പറയും?

സെല്ലുലാര്‍ ജയിലില്‍ പോകുന്നതിന് മുമ്പ് സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ പിന്നീട് അദ്ദേഹം ഈ നിലപാട് മാറ്റി,’ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

Content Highlights: Nethaji grandson chandra kumar bose criticizes savarkar movie