Entertainment news
പുതിയ ഗെയിം കളിക്കാന്‍ അവര്‍ വീണ്ടുമെത്തുന്നു: സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 12, 05:32 pm
Sunday, 12th June 2022, 11:02 pm

നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട  സീരീസുകളില്‍ ഒന്നായ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രണ്ടാം സീസണിന്റെ പ്രഖ്യാപനം നടന്നത്.

ലോകമെമ്പാടുമുള്ള സിരീസ് ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍. 9 എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്.

2021ല്‍ നെറ്റ്ഫ്‌ലിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരിസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിം. കൊറിയന്‍ ചിത്രങ്ങള്‍ ഏറെ കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും സിരീസിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യും. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം. രണ്ടാം സീസണ്‍ എന്നു മുതലാണ് സ്ട്രീമിംഗ് തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.


സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ വിജയത്തെ തുടര്‍ന്ന് കൊറിയന്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സ്‌ക്വിഡ് ഗെയിമില്‍ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും കഥാപാത്രമാകുന്ന മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പും നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരുന്നു.

Content Highlight : Netflix popular series  Squid game Season 2 Announed