മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായിട്ടാണ് സിനിമയിലേക്ക് വന്നതെങ്കിലും സെക്കന്റ് ഷോ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തൻ്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ദുൽഖർ സ്വന്തമാക്കി.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും ദുൽഖർ സജീവമാണ്. നാല് ഫിലിംഫെയർ അവാർഡ്സും, ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിൻ്റെ സ്ഥാപകനും അദ്ദേഹമാണ്. ഇപ്പോൾ ദുൽഖറിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ബൈജു സന്തോഷ്.
ദുൽഖർ ഈ നിലയിലെത്തുമെന്ന് താനൊരിക്കലും വിചാരിച്ചിരുന്നില്ലെന്നും അഭിനയത്തിനോട് പാഷനുണ്ടായിരുന്ന ഒരാളായിട്ട് എനിക്ക് ദുൽഖറിനെ തോന്നിയിട്ടില്ലെന്നും ബൈജു പറയുന്നു.
സിനിമയിലേക്കുള്ള ദുൽഖറിൻ്റെ വരവ് പെട്ടെന്നായിരുന്നെന്നും ദുൽഖർ ഇനിയും ഒരുപാട് പ്രൂവ് ചെയ്യാനുണ്ടെന്നും ബൈജു പറഞ്ഞു. ദുൽഖറിന് അത് പറ്റുമെന്നും ബൈജു കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ബൈജു.
‘ഞാനൊരിക്കലും വിചാരിച്ചില്ല ദുൽഖർ ഈ നിലയിലെത്തുമെന്ന്. കാരണം ദുൽഖറിന് അഭിനയത്തിനോട് പാഷനുണ്ടായിരുന്ന പയ്യനായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമയിൽ ദുൽഖറിൻ്റെ വരവ് പെട്ടെന്നായിരുന്നു. പക്ഷെ, ദുൽഖർ ഇനിയും ഒരുപാട് പ്രൂവ് ചെയ്യാനുണ്ട്. ദുൽഖറിന് പറ്റും,’ ബൈജു പറയുന്നു.
മലയാളത്തിലെ അറിയപ്പെടുന്ന സിനിമ സീരിയൽ നടനാണ് ബൈജു. 1982ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില സിനിമകളിൽ വില്ലൻ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. 300ലധികം ചിത്രത്തിൽ ബൈജു അഭിനയിച്ചിട്ടുണ്ട്.
കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളുമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം ബൈജുവിന് കരിയറിലെ വഴിത്തിരിവ് ലഭിച്ച ചിത്രമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ മുരുകൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ബൈജു അഭിനയിച്ചിട്ടുണ്ട്.
Content Highlight: Dulquer’s entry into cinema was sudden, he still has a lot to prove says Baiju Santosh